
ബംഗളൂരു : നടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പ്രമുഖ സിനിമാ നിർമാതാവും എവിആർ എൻ്റർടെയിൻമെൻ്റ് ഉടമയുമായ അരവിന്ദ് വെങ്കടേഷ് റെഡ്ഡി അറസ്റ്റിൽ. നടിയും മോഡലുമായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്ന വെങ്കടേഷിനെ ശ്രീലങ്കയിൽ നിന്ന് ബംഗളൂരുവിൽ എത്തിയതിന് പിന്നാലെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സൗഹൃദം സ്ഥാപിച്ച ശേഷം ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് നടിയുടെ പരാതിയില്‍ പറയുന്നത്.
യുവതിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. നിർമാതാവിൻ്റെ സമ്മർദ്ദം സഹിക്കവയ്യാതെ നടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ആശുപത്രിയിലെത്തിയും ഇയാൾ ഭീഷണി തുടർന്നതായും പരാതിയിൽ പറയുന്നു. അതേസമയം നടി നൽകിയ പരാതിയിലെ ആരോപണങ്ങളെല്ലാം അരവിന്ദ് വെങ്കടേഷ് റെഡ്ഡി നിഷേധിച്ചു. നടിക്ക് താൻ പണവും വീടും നല്‍കിയെന്നും അവർക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നുമാണ് അരവിന്ദ് ആരോപിക്കുന്നത്.