
ദില്ലി: ഡൽഹി ചെങ്കോട്ട സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ചാവേറായെന്ന് സംശയിക്കുന്ന ഡോക്ടർ ഉമറിന്റെ സുഹൃത്തിനെ കസ്റ്റഡിയിലെടുത്തു. പുൽവാമ സ്വദേശിയായ ഡോക്ടർ സജാദിനെയാണ് ചോദ്യം ചെയ്യാനായി ജമ്മു കശ്മീർ പോലീസ് കസ്റ്റഡിയിലെടുത്തത്.സ്ഫോടനത്തിൽ ഉപയോഗിച്ച വാഹനം ഉമർ, താരിഖിൽ നിന്ന് വാങ്ങിയ ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
വാഹനം പുക പരിശോധനയ്ക്ക് (Pollution Check) എത്തിച്ചപ്പോഴുള്ള ദൃശ്യങ്ങളാണ് ഇത്.ഡോക്ടർ ഷഹീനെ ഈ സ്ഫോടനവുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ് സംശയിക്കുന്നു. ഇന്ത്യയിലെ ജെയ്ഷെ മുഹമ്മദ് (Jaish-e-Mohammed) വനിതാ വിങ്ങിനെ നിയന്ത്രിച്ചത് ഷഹീനാണെന്നാണ് കരുതപ്പെടുന്നത്.ഫരീദാബാദ് കേസിൽ പ്രതിയായ ഷഹീനെ ഇന്നലെ ലഖ്നൗവിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്.
ഉമറും മറ്റൊരു പ്രതിയായ മുസ്മിലും ജോലി ചെയ്തിരുന്ന ഫരീദാബാദിലെ അൽ-ഫലാഹ് സർവകലാശാലയിൽ (Alfalah University) നിലവിൽ പരിശോധന പുരോഗമിക്കുകയാണ്. ഡോക്ടർമാർ, വിദ്യാർത്ഥികൾ, ജീവനക്കാർ എന്നിവരടക്കം എട്ടുപേരെ ഇവിടെ ചോദ്യം ചെയ്തുവരുന്നു.