
തിരുവനന്തപുരം : സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതിന് പിന്നാലെ രാഷ്ട്രീയ സംസ്കാരത്തിൽ മാറ്റം കൊണ്ടുവരാനുള്ള അവസരമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുവെന്നും അഴിമതിരഹിത ഭരണം ഉറപ്പാക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
അടുത്ത രണ്ട് ദിവസത്തിനുള്ളിൽ മുഴുവൻ സ്ഥാനാർത്ഥികളെയും പ്രഖ്യാപിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ അറിയിച്ചു. ജനങ്ങളുടെ പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങൾ ബിജെപി പരിഹരിച്ചിരിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. ബിജെപി അധികാരത്തിലെത്തിയാൽ അഴിമതിരഹിത ഭരണം കൊണ്ടുവരുമെന്നും കൂട്ടിച്ചേർത്തു.
തിരുവനന്തപുരം കോർപ്പറേഷൻ തന്നെ നോക്കിയാൽ കഴിഞ്ഞ പത്ത് കൊല്ലമായി മാലിന്യം തെരുവ് നായ ശല്യം റോഡ് തുടങ്ങിയ നിരവധി പ്രശ്നങ്ങൾ പരിഹരിക്കാതെ നിൽക്കുന്നു. വികസിത അനന്തപുരി, വികസിത പഞ്ചായത്ത്, വികസിത മുനിസിപ്പാലിറ്റി എന്നതാണ് ബിജെപി മുന്നോട്ട് വെക്കുന്ന വികസന മുദ്രാവാക്യം.
ഭരിക്കാൻ ഞങ്ങൾക്ക് ഒരവസരം തരൂ. 365 ദിവസവും 24 മണിക്കൂറും ജനങ്ങൾക്ക് വേണ്ടി അധ്വാനിച്ച് പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരവസരം തരൂ എന്നാണ് ഞങ്ങൾ പറയുന്നത്. റിസൾട്ടിനെക്കുറിച്ച് ഒന്നും പറയുന്നില്ല ജനങ്ങൾ തീരുമാനിക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.