Banner Ads

കോൺഗ്രസ് ആദ്യ പടയൊരുക്കം; കോഴിക്കോട് കോർപ്പറേഷൻ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി

കോഴിക്കോട്: കോഴിക്കോട്: വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ കോഴിക്കോട് കോർപ്പറേഷനിലെ പോരാട്ടം കടുപ്പിച്ച് കോൺഗ്രസ്. 22 സ്ഥാനാർത്ഥികളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു. ശേഷിക്കുന്ന സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ രണ്ടു ദിവസത്തിനകം പ്രഖ്യാപിക്കുമെന്നും സർപ്രൈസ് സ്ഥാനാർത്ഥികൾ പട്ടികയിൽ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

സിപിഎമ്മിന്റെ അഴിമതിക്കും കൊള്ളയ്ക്കും ദുർഭരണത്തിനും എതിരായുള്ള ജനവികാരം കോഴിക്കോട്ടെ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് രമേശ് ചെന്നിത്തല ആത്മവിശ്വാസം പ്രകടിപ്പിച്ചു.”യുഡിഎഫ് പ്രവർത്തകരെല്ലാം വളരെ ആവേശത്തിലാണ്. ജനങ്ങൾ മാറ്റത്തിനു വേണ്ടി കാത്തിരിക്കുകയാണ്. ജനങ്ങളുടെ വികാരം ഉൾക്കൊണ്ടുകൊണ്ട് നേതാക്കളും പ്രവർത്തകരും പ്രവർത്തിച്ചു. കേരളത്തിലങ്ങോളമിങ്ങോളം യുഡിഎഫ് തരംഗം അലയടിക്കുകയാണ്. കോഴിക്കോട് കോർപ്പറേഷനിൽ യുഡിഎഫ് മിന്നുന്ന ജയം നേടും,” രമേശ് ചെന്നിത്തല പറഞ്ഞു.

ഒരു സ്ഥാനാർത്ഥിയെയും പാർട്ടി അടിച്ചേൽപ്പിച്ചിട്ടില്ലെന്നും, വാർഡുകളിലെ പ്രവർത്തകരുടെയും നേതാക്കളുടെയും നിർദ്ദേശങ്ങൾ പരിഗണിച്ചാണ് സ്ഥാനാർത്ഥികളെ നിശ്ചയിച്ചതെന്നും ചെന്നിത്തല വിശദീകരിച്ചു. കോൺഗ്രസിന് നല്ല മേയർ സ്ഥാനാർത്ഥി ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി.പ്രമുഖ ചലച്ചിത്ര സംവിധായകൻ വി. എം. വിനുവിൻ്റെ പേര് രണ്ടു വാർഡുകളിൽ സജീവമായി പരിഗണിക്കുന്നുണ്ടെന്നാണ് സൂചന.