
തിരുവനന്തപുരം : കേരള സർവകലാശാലയിലെ സംസ്‌കൃതം വിഭാഗത്തിൽ ഗവേഷക വിദ്യാർത്ഥിക്ക് നേരെ ജാതി അധിക്ഷേപം നടത്തിയെന്ന പരാതിയിൽ കേസെടുത്ത് പോലീസ്. വേഷക വിദ്യാര്‍ത്ഥിയുടെ പരാതിയിൽ സംസ്‌കൃതം വകുപ്പ് മേധാവി സി എന്‍ വിജയകുമാരിക്കെതിരെ പട്ടികജാതി- പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരമാണ് ശ്രീകാര്യം പൊലീസ് കേസെടുത്തത്.
ഗവേഷക വിദ്യാര്‍ത്ഥിയായ വിപിന്‍ വിജയനാണ് ജാതി അധിക്ഷേപത്തിന്റെ പേരില്‍ പരാതി നല്‍കിയത്. റിപ്പോർട്ടിൽ ഒപ്പിട്ട് നൽകുമോ എന്ന് ചോദിച്ച വിദ്യാർത്ഥിയോട് നിനക്ക് എന്തിനാണ് ഡോക്ടർ എന്ന വാല് നിനക്ക് വാലായി നിന്റെ ജാതിപ്പേര് ഉണ്ടല്ലോ എന്ന് വകുപ്പ് മേധാവി പറഞ്ഞതായി എഫ്ഐആറിൽ പറയുന്നു. പുലയനും പറയനും വന്നതോടെ സംസ്‌കൃതത്തിന്റെ മഹിമ നഷ്ടപ്പെട്ടുവെന്നും വിജയകുമാരി പറഞ്ഞതായി എഫ്ഐആറിൽ പറയുന്നുണ്ട്.
നിന്നെ പോലുള്ള നീച ജാതിക്കാർ എത്ര ശ്രമിച്ചാലും സംസ്‌കൃതം പഠിക്കാനാവില്ല എന്ന് പ്രതി നിരന്തരം പറയുമായിരുന്നു. വിദ്യാർത്ഥി കയറിയ റൂം അശുദ്ധമായി എന്ന് പറഞ്ഞ് ശുദ്ധീകരിക്കാൻ വെള്ളം തളിക്കുമായിരുന്നു എന്നും എഫ്ഐആറിൽ പറയുന്നു. 2015ല്‍ വിപിന്‍ എംഫില്‍ പഠിക്കുമ്പോള്‍ മുതല്‍ വിജയകുമാരിയായിരുന്നു ഗൈഡ്.
അന്ന് മുതല്‍ വിപിനെ ജാതിക്കാര്യം പറഞ്ഞ് അധിക്ഷേപിക്കാറുണ്ടായിരുന്നു. അതേസമയം സംഭവത്തില്‍ അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു രംഗത്തെത്തിയിരുന്നു. നിയമപരമായ നടപടികള്‍ സ്വീകരിക്കണമെന്ന് സര്‍വകലാശാല വി സിക്കും രജിസ്ട്രാര്‍ക്കും മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു.