
കോഴിക്കോട് : കാപ്പ നിയമം ലംഘിച്ചതിന് നിരവധി ക്രിമിനൽ, മോഷണ കേസുകളിലെ പ്രതിയായ യുവാവിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. കോഴിക്കോട് കരുവിശ്ശേരി സ്വദേശി ജോഷിത്ത് (30) ആണ് ജയിലിലായത്. ചേവായൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ജോഷിത്തിനെതിരെ കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ (മാവൂർ, കാക്കൂർ, അത്തോളി, ബാലുശ്ശേരി, കുന്നമംഗലം, നടക്കാവ്, നല്ലളം, കൊണ്ടോട്ടി, തളിപ്പറമ്പ്) നിരവധി കേസുകൾ നിലവിലുണ്ട്.
തുടർച്ചയായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനെത്തുടർന്നാണ് ഇയാളെ കാപ്പ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവന്നത്. കാപ്പ നിയമം നിലവിലിരിക്കെ ജോഷിത്ത് തലശ്ശേരി മഞ്ഞോടിയിലെ ഒരു അമ്പലത്തിലെ ഭണ്ഡാരം കവർച്ച ചെയ്തു. ഈ നിയമലംഘനത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയത്. ചേവായൂർ ഇൻസ്‌പെക്ടറുടെ റിപ്പോർട്ടും കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മീഷണർ അരുൺ കെ. പവിത്രന്റെ ശുപാർശയും പരിഗണിച്ച് കളക്ടറാണ് തടവിലിടാൻ ഉത്തരവിട്ടത്.