Banner Ads

എൽപി വാറണ്ട് പൊടിതട്ടി; 36 വർഷത്തെ ഒളിവ് ജീവിതത്തിന് വിരാമം; കൊട്ടാരക്കരയിൽ നിന്ന് തട്ടിപ്പ് കേസ് പ്രതി പിടിയിൽ

കായംകുളം : തട്ടിപ്പ് കേസിൽ കോടതിയിൽ ഹാജരാകാതെ 36 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കായംകുളം പോലീസ് അറസ്റ്റ് ചെയ്തു. ചമ്പക്കുളം വില്ലേജിൽ നടുഭാഗം മുറിയിൽ കീച്ചേരിൽ വീട്ടിൽ രാജൻ എന്ന രാജപ്പൻ നായരാണ് പിടിയിലായത്. 1989ൽ കായംകുളം പോലീസ് രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് നടപടി.

കേസിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് രാജപ്പൻ നായർക്കെതിരെ കോടതി ലോങ് പെൻഡിങ് (എൽപി) വാറണ്ട് പുറപ്പെടുവിച്ചിരുന്നു. വർഷങ്ങൾക്ക് ശേഷം കേസ് വീണ്ടും അന്വേഷണത്തിനായി എടുത്തപ്പോഴാണ് പ്രതിയെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചത്. രാജപ്പൻ നായർ കൊട്ടാരക്കരയിൽ ഒളിവിൽ കഴിയുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം പരിശോധന ആരംഭിച്ചു.

കൊട്ടാരക്കരക്ക് അടുത്ത് ചെങ്ങമനാട് എന്ന സ്ഥലത്ത് ഓട്ടോറിക്ഷ ഓടിച്ച് ജീവിക്കുകയായിരുന്നു ഇയാൾ. ഇവിടെ നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. കായംകുളം ഡി.വൈ.എസ്.പി ബിനുകുമാറിന്റെ മേൽനോട്ടത്തിൽ സിഐ അരുൺ ഷാ, എസ്.ഐ. മുഹമ്മദ് ബഷീർ, പോലീസുകാരായ പ്രവീൺ, മോനിഷ്, അനന്തകൃഷ്ണൻ, ആലപ്പുഴ സൈബർ സെല്ലിലെ അഭിജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.