Banner Ads

വീഴ്ച ഗുരുതരം: കൊലക്കേസ് പ്രതിക്ക് ‘വിഐപി പരിഗണന’; പോലീസ് വീഴ്ചയുടെ തെളിവുകൾ പുറത്തുവന്നു

കൊലപാതകം ഉൾപ്പെടെ 53 കേസുകളിലെ പ്രതിയായ ബാലമുരുകൻ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട സംഭവത്തിൽ ഗുരുതര സുരക്ഷാ വീഴ്ചയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. തമിഴ്നാട് പോലീസിൻ്റെ കസ്റ്റഡിയിലിരിക്കെയാണ് ഇയാൾ രക്ഷപ്പെട്ടത്.പാലക്കാട് ആലത്തൂരിലെ ഒരു ഹോട്ടലിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്.

വീഡിയോയിൽ ബാലമുരുകൻ വളരെ കൂളായി കൈവിലങ്ങില്ലാതെ നടന്നുപോകുന്നത് കാണാം. ദൃശ്യങ്ങളിൽ ബാലമുരുകൻ ഇളം നീലയും കറുപ്പും ചേർന്ന ചെക്ക് വസ്ത്രമാണ് ധരിച്ചിരുന്നത്. എന്നാൽ, തമിഴ്‌നാട് പോലീസ് കേരള പോലീസിന് നൽകിയ വിവരം രക്ഷപ്പെടുമ്പോൾ ഇയാൾ കറുത്ത ഷർട്ടും വെള്ള മുണ്ടുമാണ് ധരിച്ചിരുന്നത് എന്നായിരുന്നു.തമിഴ്നാട് പോലീസ് ബാലമുരുകനെ വിയ്യൂരിലേക്ക് കൊണ്ടുവന്നത് സ്വകാര്യ വാഹനത്തിലാണ് എന്നതും ഗുരുതര വീഴ്ചയായി കണക്കാക്കുന്നു.

ജയിൽ വളപ്പിൽ ഒളിച്ചിരുന്ന ബാലമുരുകൻ ഏകദേശം രണ്ടേമുക്കാലിനും മൂന്നരയ്ക്കും ഇടയിലാണ് രക്ഷപ്പെട്ടത്. ജയിലിന് മുന്നിൽ മൂത്രമൊഴിക്കാൻ നിർത്തിയപ്പോൾ കാറിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു. തുടർന്ന് KL8 CA 9536 എന്ന സ്കൂട്ടറിലാണ് ഇയാൾ രക്ഷപ്പെട്ടതെന്ന വിവരവും ലഭിച്ചിട്ടുണ്ട്.കവർച്ച, കൊലപാതക ശ്രമം ഉൾപ്പെടെ 53 കേസുകളിലെ പ്രതിയാണ് ബാലമുരുകൻ.കൈവിലങ്ങില്ലാതെ കൊലക്കേസ് പ്രതിയെ കൊണ്ടുപോയതിലും, സ്വകാര്യ വാഹനം ഉപയോഗിച്ചതിലും ഉൾപ്പെടെ തമിഴ്‌നാട് പോലീസിന് ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണ്.