
കോഴിക്കോട് : താമരശ്ശേരിയിലെ ഫ്രഷ് കട്ട് സ്ഥാപനത്തിനെതിരെ മുസ്ലിം ലീഗ് നടത്തിയ പ്രതിഷേധ സംഗമത്തിൽ പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ജനങ്ങളെ ദുരിതത്തിലാക്കി മാലിന്യ സംസ്കരണം നടത്താൻ കഴിയില്ലെന്നും ശുദ്ധവായു നശിപ്പിക്കുന്നതിലും വലുതല്ല ഒരു ബിസിനസുമെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ പ്രതികരണം സ്വാഭാവികമാണ്. മാലിന്യ സംസ്കരണം ജനങ്ങളെ ദുരിതത്തിൽ ആക്കിയിട്ടല്ല നടത്തേണ്ടത്. കോഴിക്കോട് ജില്ലയിലുള്ള പ്രശ്നം മറ്റ് ജില്ലകളിൽ ഇല്ല. കോഴിക്കോട് മാലിന്യ സംസ്കരണം കുത്തക ആക്കിയതാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണം. കൂടുതൽ മാലിന്യ സംസ്കരണ കേന്ദ്രങ്ങൾ തുറക്കണം.
ജനങ്ങളെ അടിച്ചമർത്തി ഫ്രഷ് കട്ട് തുറക്കാം എന്ന് ആരും കരുതേണ്ട. ഫാക്ടറി തുറന്നാൽ വീണ്ടും സമരം ഉണ്ടാകും. സമരത്തിന് മുസ്ലിം ലീഗ് പൂർണ്ണ പിന്തുണ നൽകുമെന്നും അദ്ദേഹം അറിയിച്ചു. പോലീസ് അനാവശ്യ നടപടികൾ അവസാനിപ്പിക്കണം. ദാരിദ്ര്യം ഇല്ല എന്ന് പറയുന്ന സ്ഥലത്ത് ശുദ്ധവായുവിന് വേണ്ടിയാണ് സമരം നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.