
തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങളിലെ സ്വർണ മോഷണക്കേസിൽ പ്രത്യേക അന്വേഷണ സംഘത്തിൻ്റെ (എസ്ഐടി) കസ്റ്റഡിയിലുണ്ടായിരുന്ന മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ കോടതി റിമാൻഡ് ചെയ്തു. 14 ദിവസത്തെ കസ്റ്റഡി കാലാവധി പൂർത്തിയാക്കിയതിനെത്തുടർന്നാണ് പോറ്റിയെ റിമാൻഡ് ചെയ്തത്.അപസ്മാര ബാധിതനായതിനാൽ ജയിലിൽ പോകാൻ ബുദ്ധിമുട്ടുണ്ടെന്ന ഉണ്ണികൃഷ്ണൻ പോറ്റിയുടെ അഭിഭാഷകൻ്റെ വാദം പ്രോസിക്യൂഷൻ എതിർത്തു.
ജയിലിൽ ആവശ്യമായ വൈദ്യപരിശോധനാ സൗകര്യങ്ങൾ ഉണ്ടെന്ന് പ്രോസിക്യൂഷൻ ബോധിപ്പിച്ചതിനെ തുടർന്ന് പോറ്റിയെ തിരുവനന്തപുരം സ്പെഷൽ സബ് ജയിലിലേക്ക് മാറ്റി.ദ്വാരപാലക പാളികളിലെ സ്വർണക്കൊള്ളയ്ക്ക് പുറമെ, ശ്രീകോവിൽ കട്ടിളപ്പാളിയിലെ സ്വർണം തട്ടിയെടുത്ത കേസിലും ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് അടുത്ത ദിവസം രേഖപ്പെടുത്തും. നവംബർ മൂന്നിന് റാന്നി കോടതിയിൽ ഹാജരാക്കി ഈ കേസിൽ കസ്റ്റഡിയിൽ വാങ്ങാനാണ് എസ്ഐടി നീക്കം.കേസിലെ രണ്ടാം പ്രതി മുരാരി ബാബുവിനെ രണ്ട് കേസുകളിലും പ്രത്യേക സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്.
സ്വർണപ്പാളികൾ ‘ചെമ്പ് പാളികൾ’ എന്ന് രേഖപ്പെടുത്തിയതിലെ ഗൂഢാലോചന സംബന്ധിച്ച് ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തിരുന്നു.ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ കവർച്ച ചെയ്ത സ്വർണത്തിന് തത്തുല്യമായ സ്വർണം എസ്ഐടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം 608 ഗ്രാം സ്വർണ്ണം ഉൾപ്പെടെ കണ്ടെടുത്ത ബാക്കി സ്വർണം റാന്നി കോടതിയിൽ ഹാജരാക്കി.അതേസമയം, കേസിൽ ദേവസ്വം ഉദ്യോഗസ്ഥരോട് എസ്ഐടി നിലപാട് കടുപ്പിച്ചു.
1999-ൽ വിജയ് മല്യ സ്വർണം പൊതിഞ്ഞതുമായി ബന്ധപ്പെട്ടതടക്കം, അന്വേഷണത്തിന് അനിവാര്യമായ മരാമത്ത് രേഖകൾ ഉടൻ ലഭ്യമാക്കണം. രേഖകൾ നൽകാത്ത ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഇനിയും സാവകാശം നൽകാൻ കഴിയില്ലെന്നും എസ്ഐടി അന്വേഷണ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.