
ഇടുക്കി: നോവായി വിധി മണ്ണിടിച്ചിലിൽ പരിക്ക്; സന്ധ്യയുടെ ഇടതുകാൽ മുറിച്ചുമാറ്റേണ്ടി വന്നു.അടിയന്തര ശസ്ത്രക്രിയ ഫലം കാണാത്തതിനെ തുടർന്ന് ഇടതുകാൽ മുറിച്ചുമാറ്റുകയായിരുന്നു.അടിമാലി കൂമ്പൻ പാറ ലക്ഷം വീട് ഉന്നതിയിൽ ശനിയാഴ്ച രാത്രി പത്തരയോടെയുണ്ടായ ദുരന്തത്തിൽ ഭർത്താവ് ബിജു മരിക്കുകയും, ഗുരുതരമായി പരിക്കേറ്റ ഭാര്യ സന്ധ്യ പരിക്കുകളോടെ രക്ഷപെടുകയുമായിരുന്നു.
ദേശീയപാതയോരത്തെ കൂറ്റൻ കുന്നാണ് അടർന്ന് താഴേക്ക് പതിച്ചത്. ബിജുവിന്റേതുൾപ്പെടെ ആറ് വീടുകൾ മണ്ണിനടിയിലായി. മണ്ണിടിച്ചിൽ സാധ്യത മുന്നിൽ കണ്ട് ഉന്നതിയിലെ 22 കുടുംബങ്ങളെ അധികൃതർ നേരത്തെ മാറ്റിപ്പാർപ്പിച്ചത് വൻ ദുരന്തം ഒഴിവാക്കി.മാറ്റിപ്പാർപ്പിച്ചതിന് ശേഷം വീട്ടിലേക്ക് തിരികെയെത്തിയ ബിജുവും സന്ധ്യയുമാണ് അപകടത്തിൽപ്പെട്ടത്.തകർന്ന വീടിന്റെ കോൺക്രീറ്റ് പാളികൾക്കിടയിൽ മണിക്കൂറുകളോളമാണ് സന്ധ്യ കുടുങ്ങിക്കിടന്നത്.
ദുഷ്‌കരമായ രക്ഷാപ്രവർത്തനത്തിനൊടുവിൽ പുലർച്ചെ മൂന്നരയോടെ സന്ധ്യയെ ജീവനോടെ പുറത്തെടുത്തു.പുലർച്ചെ നാലരയോടെ പുറത്തെടുത്ത ബിജുവിന്റെ ജീവൻ രക്ഷിക്കാനായില്ല.പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം സന്ധ്യയെ ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, ജീവൻ നിലനിർത്തുന്നതിനായി നടത്തിയ അടിയന്തര ശസ്ത്രക്രിയ ഫലം കാണാത്തതിനെ തുടർന്ന് സന്ധ്യയുടെ ഇടതുകാൽ മുറിച്ചുമാറ്റുകയായിരുന്നു. നിലവിൽ സന്ധ്യയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ.