
തിരുവനന്തപുരം: പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പിട്ടതിനെതിരെ വിദ്യാർത്ഥി സംഘടനകളും സി.പി.ഐയും പ്രതിഷേധം കടുപ്പിക്കുന്നു.പി.എം. ശ്രീ പദ്ധതിയിൽ പ്രതിഷേധം രേഖപ്പെടുത്തി യു.ഡി.എസ്.എഫ് (UDSF) ബുധനാഴ്ച സംസ്ഥാനത്ത് സമ്പൂർണ്ണ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു.സർക്കാർ പദ്ധതിയിൽ ഒപ്പിട്ടതിലുള്ള വിമർശനം ശക്തമാക്കിക്കൊണ്ട് സി.പി.ഐ കടുത്ത രാഷ്ട്രീയ തീരുമാനത്തിലേക്ക്.
ആലപ്പുഴയിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ചർച്ച നടത്തിയെങ്കിലും സമവായത്തിലെത്തിയില്ല.മുഖ്യമന്ത്രിയുടെയും സി.പി.എമ്മിൻ്റെയും അനുനയ നീക്കങ്ങൾ തള്ളിയ സി.പി.ഐ, മറ്റന്നാൾ നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ നിന്ന് മന്ത്രിമാരെ വിട്ടുനിർത്താൻ തീരുമാനിച്ചു. പി.എം. ശ്രീയിൽ സമവായ നിർദേശം നിലവിൽ അംഗീകരിക്കേണ്ടതില്ലെന്നാണ് സി.പി.ഐയുടെ നിലപാട്.
മന്ത്രിസഭാ യോഗം ബഹിഷ്കരിച്ച ശേഷം നവംബർ 4-ന് ചേരുന്ന സി.പി.ഐ യോഗം തുടർനടപടികൾ ചർച്ച ചെയ്യും.തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സി.പി.ഐയുടെ ഈ കടുത്ത തീരുമാനം സി.പി.എമ്മിനും സംസ്ഥാന സർക്കാരിനും രാഷ്ട്രീയമായി വലിയ തിരിച്ചടിയാണ്. അതേസമയം, ബിനോയ് വിശ്വവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറായില്ല.