
മാനന്തവാടി : കൊട്ടിയൂർ-വയനാട് ചുരം പാതയിലെ പാൽച്ചുരം വളവിൽ നിയന്ത്രണം വിട്ട ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം. തമിഴ്നാട് സ്വദേശി സെന്തിൽ കുമാർ (54) ആണ് മരിച്ചത്.
കമ്പിയുടെ കേബിളുകൾ കയറ്റി കാസർകോടേക്ക് പോവുകയായിരുന്ന ലോറിയാണ് അർദ്ധരാത്രിയോടെ അപകടത്തിൽപ്പെട്ടത്. വാഹനം നിയന്ത്രണം വിട്ട് നൂറടിയോളം താഴ്ചയിലേക്ക് പതിക്കുന്നതിനിടെ ലോറിയിലുണ്ടായിരുന്ന സഹായി തമിഴ്നാട് സ്വദേശിയായ സെന്തിൽ (44) അത്ഭുതകരമായി ചാടി രക്ഷപ്പെട്ടു.
തുടർന്ന് മാനന്തവാടിയിൽ നിന്നുള്ള അഗ്നിരക്ഷാ സേനയും പൊലീസും നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ലോറിയിൽ കുടുങ്ങിയ ഡ്രൈവർ സെന്തിൽ കുമാറിനെ രക്ഷിക്കാൻ കഴിഞ്ഞില്ല. അഗ്നി രക്ഷാ സേനാംഗങ്ങൾ ഏറെ പരിശ്രമിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.