
തിരുവനന്തപുരം : കേരള സ്കൂൾ ഒളിമ്പിക്സിൽ സ്വർണം നേടിയ അർഹരായ വിദ്യാർത്ഥികൾക്ക് വീട് നിർമ്മിച്ചു നൽകാൻ വിദ്യാഭ്യാസ വകുപ്പ്. ആദ്യ ഘട്ടത്തിൽ 50 വീടുകൾ നിർമ്മിച്ചു നൽകാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഫേസ്ബുക്കിലൂടെ ഈ പദ്ധതിയെക്കുറിച്ച് അറിയിച്ചത്.
പദ്ധതിയുടെ സഹായത്തിനായി വിവിധ സംഘടനകളുമായി ബന്ധപ്പെട്ടുവെന്ന് മന്ത്രി അറിയിച്ചു. വീട് വെച്ചുനൽകാൻ താൽപര്യമുള്ളവർ വകുപ്പിനെ സമീപിക്കണമെന്നും ഇത് പാവപ്പെട്ട കുട്ടികൾക്ക് വലിയ സഹായമാകുമെന്നും മന്ത്രി പറഞ്ഞു.
കുറിപ്പിന്റെ പൂര്‍ണരൂപം.
കുഞ്ഞുങ്ങള്‍ക്ക് വീട്..
സംസ്ഥാന സ്‌കൂള്‍ ഒളിമ്പിക്സിൽ പങ്കെടുത്ത ചില കായിക താരങ്ങളുടെ വീടിന്റെ അവസ്ഥ ഞാന്‍ നേരിട്ട് തിരിച്ചറിയുകയുണ്ടായി. ഇതില്‍ സ്വര്‍ണ്ണം നേടിയവരും മീറ്റ് റെക്കോര്‍ഡ് നേടിയവരും ഉണ്ട്. ഇടുക്കി സ്വദേശിനിയായ ദേവപ്രിയയ്ക്ക് സിപിഐഎം ഇടുക്കി ജില്ലാ കമ്മിറ്റി വീട് വെച്ച് കൊടുക്കാമെന്ന് അറിയിച്ചിട്ടുണ്ട്.
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് കോഴിക്കോട് സ്വദേശിനിയായ ദേവനന്ദയ്ക്ക് വീട് നിര്‍മ്മിച്ചു നല്‍കും. ഇത്തരത്തില്‍ നിരവധി പേര്‍ ഉണ്ട് എന്ന് ഞാന്‍ മനസ്സിലാക്കുന്നു. അതുകൊണ്ട് തന്നെ പൊതുവിദ്യാഭ്യാസ വകുപ്പ് ഒരു വലിയ പദ്ധതിയിലേക്ക് കടക്കുകയാണ്.
കേരള സ്‌കൂള്‍ ഒളിമ്പിക്സിൽ സ്വര്‍ണ്ണം നേടിയ അര്‍ഹരായവര്‍ക്ക് വീട് വെച്ച് നല്‍കുന്ന പദ്ധതിയാണിത്. നിലവില്‍ അൻപത് വീട് വെച്ചു നല്‍കുക എന്നതാണ് ലക്ഷ്യം. ഇതിനായി വിവിധ സംഘടനകളുമായി ബന്ധപ്പെട്ടു. വളരെ പോസിറ്റീവായ പ്രതികരണമാണ് ലഭിച്ചത്. കേരളത്തിലെ നല്ലവരായ ജനങ്ങളോട് പൊതുവിദ്യാഭ്യാസ വകുപ്പ് ഒരഭ്യര്‍ത്ഥ മുന്നോട്ടു വെയ്ക്കുകയാണ്.
ഈ പദ്ധതിയില്‍ വീട് വെച്ചു നല്‍കാന്‍ താല്‍പര്യമുള്ളവര്‍ വകുപ്പിനെ സമീപിച്ചാല്‍ പാവപ്പെട്ട കുട്ടികള്‍ക്ക് അത് വലിയ കൈത്താങ്ങാകും. എല്ലാവരും അതിനനുസരിച്ചുള്ള പ്രവര്‍ത്തനം നടത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. സ്‌കൂള്‍ കായിക മേളയിലെ വേഗറാണിയായ ദേവപ്രിയയ്ക്ക് വീടൊരുക്കി നല്‍കുമെന്ന് ഇടുക്കി സിപിഐഎം ജില്ലാ കമ്മിറ്റി അറിയിച്ചിരുന്നു.
കായികമേളയ്ക്ക് ശേഷം ദേവപ്രിയ തിരിച്ച് വീട്ടിലെത്തുന്ന ദിവസം തന്നെ പുതിയ വീടിന്റെ ശിലാസ്ഥാപനം നടത്തുമെന്ന് ജില്ലാ സെക്രട്ടറി സി വി വര്‍ഗീസാണ് പറഞ്ഞത്. അച്ഛനും അമ്മയും സഹോദങ്ങളും വല്ല്യച്ഛനും അടങ്ങുന്ന കുടുംബത്തിന് താമസിക്കാന്‍ അനുയോജ്യമായ രീതിയില്‍ നാല് മുറികളും ഹാളും അടുക്കളയും ഉള്‍പ്പെടുന്ന വീടാകും സി പി ഐ എം ഒരുക്കുക.