Banner Ads

ഗതാഗത നിരോധനം ലംഘിച്ചു: രാഷ്ട്രപതിയുടെ സന്ദർശനത്തിനിടെ സുരക്ഷാ റോഡിലൂടെ ബൈക്കോടിച്ച മൂന്ന് പേർക്കെതിരെ കേസ്

കോട്ടയം: രാഷ്ട്രപതിയുടെ സന്ദർശനത്തിനിടെ സുരക്ഷാ നിയന്ത്രണം ലംഘിച്ച് നിരോധിച്ച റോഡിലൂടെ ബൈക്കിൽ പാഞ്ഞ മൂന്നു യുവാക്കൾക്കെതിരെ പോലീസ് കേസെടുത്തു. അതിരമ്പുഴ സ്വദേശി ജിഷ്‌ണു രതീഷ്‌ (21), കിടങ്ങൂർ സൗത്ത് സ്വദേശി സതീഷ്‌ (26), കോതനല്ലൂർ സ്വദേശി സന്തോഷ്‌ (40) എന്നിവർക്കെതിരെയാണ് പാലാ പോലീസ് കേസെടുത്തത്.

വ്യാഴാഴ്ച ഉച്ചകഴിഞ്ഞ്, പാലാ സെന്റ് തോമസ് കോളജിൽ രാഷ്ട്രപതിയുടെ ഹെലികോപ്റ്റർ ഇറങ്ങുന്നതിന് തൊട്ടുമുമ്പ് ഏറ്റുമാനൂർ – പൂഞ്ഞാർ സംസ്ഥാന പാതയിൽ അരുണാപുരം ഭാഗത്ത് ഗതാഗതം നിരോധിച്ചിരുന്നു. ഈ സമയത്താണ് യുവാക്കൾ ബൈക്കിൽ അമിതവേഗത്തിൽ പാഞ്ഞെത്തിയത്. തടയാൻ ശ്രമിച്ച പോലീസുകാർക്ക് ഇടയിലൂടെ ബൈക്ക് മുത്തോലി ഭാഗത്തേക്ക് കടന്നുപോവുകയായിരുന്നു.

പോലീസുകാർ മുന്നിൽ ചാടി തടയാൻ ശ്രമിച്ചിട്ടും ബൈക്ക് നിർത്താതെ മുന്നോട്ട് കുതിച്ചു. രാഷ്ട്രപതി കോളജിലുണ്ടായിരുന്ന സമയത്താണ് ഇവർ മൈതാനത്തിന്റെ പ്രവേശന കവാടത്തിന് സമീപത്തു കൂടി കടന്നുപോയത്. എന്നാൽ സംഭവത്തിൽ സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്ന് പാലാ ഡി.വൈ.എസ്.പി. കെ. സദൻ വ്യക്തമാക്കി