Banner Ads

‘പ്രവാസികളെ ചേർത്തുപിടിച്ച് മുന്നോട്ട്’: തങ്ങളുടെ സർക്കാർ അവർക്കൊപ്പമെന്ന് മുഖ്യമന്ത്രി

മസ്കത്ത്:പ്രവാസികളെ എക്കാലത്തും ചേർത്തുപിടിച്ച സർക്കാരാണ് തങ്ങളുടേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒമാൻ സന്ദർശനത്തിന്റെ ഭാഗമായി മസ്‌കത്തിൽ ഇന്ത്യൻ കമ്യൂണിറ്റി ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസി ക്ഷേമത്തിനായി സർക്കാർ ചെയ്ത കാര്യങ്ങൾ മുഖ്യമന്ത്രി എടുത്തുപറഞ്ഞു. പ്രവാസി ക്ഷേമപെൻഷനുവേണ്ടി മാത്രം 739 കോടി രൂപ അനുവദിച്ചതായും, പ്രവാസി ഇൻഷുറൻസ് പദ്ധതി അവർക്ക് ഏറെ പ്രയോജനകരമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രവാസികൾ കേരളത്തെ കുറ്റപ്പെടുത്തുകയല്ല, മറിച്ച് അവർ ജീവിക്കുന്ന രാജ്യത്തിന്റെ അതേ വികസന നിലവാരത്തിലേക്ക് കേരളവും എത്തണമെന്ന ആഗ്രഹമാണ് പങ്കുവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തുടർഭരണം സംസ്ഥാനത്തിന്റെ വികസനത്തിന് അനിവാര്യമാണെന്ന് തെളിയിച്ചു എന്നും, ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വരാൻ പിന്തുണ നൽകണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. മുഖ്യമന്ത്രിയെ കാണാനായി ഒമാന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പ്രവാസികളാണ് മസ്കത്തിലെ ആമീറാത്ത് പബ്ലിക് പാർക്കിലെത്തിയത്. ഗൾഫ് സന്ദർശനം തുടരുന്ന മുഖ്യമന്ത്രി ഇന്ന് സലായിൽ നടക്കുന്ന പ്രവാസോത്സവത്തിൽ പ്രസംഗിക്കും.