
പത്തനംതിട്ട: ശബരിമല ദർശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുർമു സഞ്ചരിച്ച ഹെലികോപ്റ്റർ ഇറങ്ങിയ കോന്നി പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിലെ കോൺക്രീറ്റ് തറ താഴ്ന്നുപോയ സംഭവത്തിൽ ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ പ്രതികരിച്ചു. ഹെലികോപ്റ്റർ ഉദ്യോഗസ്ഥരും ഫയർഫോഴ്സും ചേർന്ന് തള്ളി നീക്കുന്ന ദൃശ്യങ്ങൾ വലിയ വിവാദമായ പശ്ചാത്തലത്തിലാണ് കളക്ടറുടെ വിശദീകരണം.”ഹെലിപ്പാഡിന്റെ ഉറപ്പിന്റെ കാര്യത്തിൽ പ്രശ്നങ്ങളില്ല. ഉണ്ടായത് അര ഇഞ്ചിന്റെ താഴ്ച മാത്രമാണ്.
‘എച്ച്’ മാർക്കിനേക്കാൾ പിന്നിലാണ് ഹെലികോപ്റ്റർ ലാൻഡ് ചെയ്തത്. പുതിയ കോൺക്രീറ്റ് ആയതിനാൽ അര ഇഞ്ചിന്റെ താഴ്ചയുണ്ടായി. സുരക്ഷാ പ്രശ്നമുണ്ടായിരുന്നുവെങ്കിൽ ഇവിടെ നിന്ന് ഹെലികോപ്റ്റർ ടേക്ക് ഓഫ് ചെയ്യില്ലായിരുന്നു,” കളക്ടർ വ്യക്തമാക്കി.മഴയടക്കമുള്ള പ്രതികൂല കാലാവസ്ഥ കാരണം, രാഷ്ട്രപതിയുടെ ലാൻഡിംഗ് സ്ഥലം നിലയ്ക്കലിൽ നിന്ന് അവസാന നിമിഷം പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിലേക്ക് മാറ്റുകയായിരുന്നു. ഇതോടെ, തിരക്കിട്ട് രാവിലെയാണ് പ്രമാടത്ത് കോൺക്രീറ്റ് ചെയ്ത് ഹെലിപാഡ് ഒരുക്കിയത്. ഈ കോൺക്രീറ്റ് പൂർണ്ണമായും ഉറയ്ക്കുന്നതിന് മുൻപേ ഹെലികോപ്റ്റർ ഇറങ്ങിയതാണ് ടയറുകൾ താഴാൻ കാരണം.
സംഭവം ഗുരുതര സുരക്ഷാ വീഴ്ചയാണെന്ന ആക്ഷേപം ശക്തമാണ്.അതേസമയം, പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം ഗ്രൗണ്ടിൽ നിന്ന് വൈകിട്ട് 4.15ന് ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ രാഷ്ട്രപതിയെ യാത്രയാക്കി. ആന്റോ ആന്റണി എംപി, കെ.യു. ജനീഷ് കുമാർ എംഎൽഎ, പ്രമോദ് നാരായൺ എംഎൽഎ, ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ, ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് എന്നിവരും യാത്രയയക്കാൻ സന്നിഹിതരായിരുന്നു. രാഷ്ട്രപതി തിരുവനന്തപുരത്തേക്കാണ് മടങ്ങിയത്.