
കോഴിക്കോട് പന്നിയങ്കരയിൽ ക്ഷേത്ര പരിസരം വൃത്തിയാക്കുന്നതിനിടെ മരക്കൊമ്പ് തലയിൽ വീണ് വയോധിക മരിച്ചു. പന്നിയങ്കര മായംപള്ളി മുത്താനം വീട്ടിൽ പരേതനായ ദാമോദരൻ സ്വാമിയുടെ ഭാര്യ ശാന്ത (75) ആണ് ദാരുണമായി മരണപ്പെട്ടത്.
ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. ക്ഷേത്ര പരിസരം ശുചിയാക്കുന്നതിനിടെ കാഞ്ഞിരമരത്തിന്റെ കൊമ്പ് പൊട്ടി ശാന്തയുടെ തലയിൽ വീഴുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ ബന്ധുക്കളും നാട്ടുകാരും രക്തത്തിൽ കുളിച്ചു കിടക്കുന്ന ശാന്തയെയാണ് കണ്ടത്. ഉടൻതന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മക്കൾ: ഗിരീഷ്, ഹരീഷ്, ശ്രീജ, ജീജ. മരുമക്കൾ: അനിത, ബിൽസി, പ്രേമരാജ്, സുതീഷ് ബാബു.