Banner Ads

ഹരിത കേരള മിഷന്റെ ‘ദേവ ഹരിതം’ തൃത്താലയിലേക്ക്: ദേവാലയ പരിസരങ്ങൾ ഇനി പച്ചത്തുരുത്തുകൾ.

പാലക്കാട്: തൃത്താലയിലെ ദേവാലയങ്ങളിൽ ദേവ ഹരിതം പദ്ധതിക്ക് തുടക്കമായി. ഹരിത കേരള മിഷൻ്റെയും സുസ്ഥിര തൃത്താലയുടെയും നേതൃത്വത്തിലാണ് ചെറുവനങ്ങളുടെ മാതൃകയിൽ പച്ചത്തുരുത്തുകൾ സൃഷ്ടിക്കാൻ ലക്ഷ്യമെടുക്കുന്നത്.കാലാവസ്ഥാ വ്യതിയാനം, ഭൂഗർഭ ജല ശോഷണം എന്നിവയ്ക്ക് പരിഹാരമായി പരിസ്ഥിതി പുനഃസ്ഥാപനത്തിനായി ദേവാലയങ്ങളിൽ സൃഷ്ടിക്കുന്ന ചെറു വനങ്ങളാണ് ദേവ ഹരിതം പച്ച തുരുത്തുകൾ.

ഹരിത കേരള മിഷൻ്റെയും സുസ്ഥിര തൃത്താല പദ്ധതിയുടെയും പ്രഥമ പരിഗണനാ പദ്ധതികളിൽ ഒന്നായ ദേവ ഹരിതം പദ്ധതിക്ക് തൃത്താല മണ്ഡലത്തിൽ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവ്വഹിച്ചു.

മണ്ഡലത്തിലെ സാധ്യമായ എല്ലാ ആരാധനാലയങ്ങളിലും തദ്ദേശ സ്ഥാപനങ്ങളുടെയും ജനങ്ങളുടെയും പിന്തുണയോടെ പദ്ധതി നടപ്പിലാക്കാനാണ് ഹരിത കേരള മിഷൻ ഉദ്ദേശിക്കുന്നത്. തൃശൂർ സെൻ്റ് തോമസ്, കേരള ബയോ ഡൈവേഴ്സിറ്റി ബോർഡ് എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

പരിപാടിയിൽ ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.മുഹമ്മദ് അധ്യക്ഷനായി. ഹരിത കേരള മിഷൻ ബ്ലോക്ക് കോർഡിനേറ്റർ നീരജ രാമദാസ് പദ്ധതി വിശദീകരിച്ചു. വാർഡ് മെമ്പർ ജ്യോതിലക്ഷ്മി ക്ഷേത്രം അധികൃതർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.