Banner Ads

ജീവനുവേണ്ടി മരത്തിൽ; കർഷകന് കടുവാ ആക്രമണത്തിൽ ഗുരുതര പരിക്ക്

ബെംഗളൂരു : സരഗൂർ ബഡഗലപ്പുരയിൽ കടുവയുടെ ആക്രമണത്തിൽ കർഷകനായ മഹാദേവയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ജനവാസ മേഖലയിലിറങ്ങിയ കടുവയെ തുരത്തുന്നതിനായുള്ള വനംവകുപ്പിന്റെ ഓപ്പറേഷനിടെയാണ് സംഭവം. വനംവകുപ്പ് സംഘം ഓടിച്ച കടുവ കൃഷിഭൂമിയിലെത്തുകയും അവിടെയുണ്ടായിരുന്ന മഹാദേവയെ ആക്രമിക്കുകയുമായിരുന്നു.

കടുവ പാഞ്ഞെത്തി കർഷകനെ കടിച്ചുകീറുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റ് കർഷകർ മരത്തിൽ കയറിയാണ് രക്ഷപ്പെട്ടത്. കർഷകനെ ആക്രമിച്ച ശേഷം ബഹളം കേട്ട് കടുവ സ്ഥലത്ത് നിന്ന് പോയി. ഗുരുതരമായി പരിക്കേറ്റ മഹാദേവയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ചികിത്സാ ചെലവ് വഹിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ വനംവകുപ്പിനോട് നിർദേശിച്ചു.