Banner Ads

വന്ദേ ഭാരതിൽ ഇനി നാടൻ രുചിക്കൂട്ട്; തലശ്ശേരി ബിരിയാണി മുതൽ നാടൻ കോഴിക്കറി വരെ

കൊച്ചി : യാത്രക്കാരുടെ പരാതികളെ തുടർന്ന് കേരളത്തിലെ വന്ദേ ഭാരത് ട്രെയിനുകളിലെ ഭക്ഷണ മെനു പരിഷ്കരിച്ചു. തലശ്ശേരി ബിരിയാണി, നാടൻ കോഴിക്കറി തുടങ്ങി തനത് പ്രാദേശിക വിഭവങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാണ് പുതിയ മെനു. ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് വ്യാപകമായ പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് ഐആർസിടിസിയുടെ നടപടി.

കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്രിന്ദാവൻ ഫുഡ് പ്രൊഡക്റ്റിനായിരുന്നു കേരളത്തിലേയും തമിഴ്‌നാട്ടിലെയും വന്ദേ ഭാരത് ട്രെയിനുകളിലെ ഭക്ഷണ വിതരണത്തിന്റെ ചുമതല. എന്നാൽ ഭക്ഷണത്തിന്റെ ഗുണനിലവാരത്തെ കുറിച്ച് നിരന്തരം പരാതികൾ ഉയർന്നതോടെ കരാർ റദ്ദാക്കിയിരുന്നു.

ഇക്കഴിഞ്ഞ മേയിൽ കൊച്ചി കോർപ്പറേഷൻ നടത്തിയ പരിശോധനയിൽ സ്ഥാപനത്തിൽ നിന്നും കാലാവധി കഴിഞ്ഞ ഭക്ഷണ സാധനങ്ങൾ ഉൾപ്പെടെ കണ്ടെത്തുകയും ചെയ്തിരുന്നു. പിന്നാലെയാണ് സ്ഥാപനവുമായുള്ള കരാർ റദ്ദാക്കിയത്. ദക്ഷിണ റെയിൽവെയുടെ നടപടി ചോദ്യം ചെയ്ത് സ്ഥാപനം മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

എന്നാൽ റെയിൽവെ അധികൃതർ സമർപ്പിച്ച തെളിവുകൾ പരിഗണിച്ച കോടതി കരാർ റദ്ദാക്കിയ തീരുമാനം അംഗീകരിക്കുകയും ചെയ്തു. പിന്നാലെയാണ് പുതിയ കാറ്ററിങ് കമ്പനികളെ ട്രെയിനിൽ ഭക്ഷണ വിതരണത്തിനായി കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചത്. സങ്കൽപ് റിക്രിയേഷൻ പ്രൈവറ്റ് ലിമിറ്റഡ്, എഎസ് സെയിൽസ് കോർപ്പറേഷൻ എന്നീ പുതിയ കാറ്ററിങ് കമ്പനികൾക്കാണ് ഇപ്പോൾ ഭക്ഷണ വിതരണത്തിന്റെ ചുമതല.

തിരുവനന്തപുരം-മംഗലാപുരം സെൻട്രൽ, തിരുവനന്തപുരം-കാസർകോട് വന്ദേ ഭാരത് എക്‌സ്പ്രസുകളിലാണ് ഈ സ്ഥാപനങ്ങൾ ഭക്ഷണം വിതരണം ചെയ്യുക. മലബാർ വെജ്/ചിക്കൻ ബിരിയാണി, തലശ്ശേരി വെജ് ബിരിയാണി, ആലപ്പി വെജ് കറി, വെജ് മെഴുക്കുപുരട്ടി, വരുത്തരച്ച ചിക്കൻ കറി, കേരള ചിക്കൻ കറി, കേരള സ്‌റ്റൈൽ ചിക്കൻ റോസ്റ്റ്, നാടൻ കോഴി കറി എന്നിവയാണ് ഉച്ചഭക്ഷണത്തിലും അത്താഴത്തിലുമായി പുതിയതായി ഉൾപ്പെടുത്തിയത്.

ദാൽ ഉപയോഗിച്ചുള്ള കറികൾക്ക് പകരം പ്രാദേശിക രുചികൾക്ക് പ്രാധാന്യം നൽകിയിട്ടുണ്ട്. ബ്രേക്ക് ഫാസ്റ്റ് മെനുവിൽ ഇഡ്ഡലി, അപ്പം, ഇടിയപ്പം, ഉപ്പുമാവ് എന്നിവ കടല/ഗ്രീൻ പീസ് കറി, മുട്ടക്കറി, സ്‌ക്രാംബിൾഡ് എഗ്ഗ്‌സ്, വെജ് കട്ട്‌ലറ്റ് എന്നിവയ്‌ക്കൊപ്പമുണ്ട്. പക്കോഡ, ഉള്ളിവട, പരിപ്പുവട, ശർക്കര ഉപ്പേരി, ഉണ്ണിയപ്പം, പഴംപൊരി തുടങ്ങിയവ സ്നാക്സ് ബോക്സിലും ലഭ്യമാകും.

മെനു മാറ്റത്തെ യാത്രക്കാർ സന്തോഷത്തോടെയാണ് സ്വാഗതം ചെയ്യുന്നത്. നേരത്തെ മോശം അനുഭവം കാരണം ഭക്ഷണം ഒഴിവാക്കിയിരുന്നവർക്ക് പുതിയ തീരുമാനം ആശ്വാസമാകും. എന്നാൽ പുതിയ മെനുവും ഗുണനിലവാരം ഉറപ്പാക്കി മുന്നോട്ട് കൊണ്ടുപോകണമെന്നും കടലാസിൽ മാത്രം ഒതുങ്ങരുതെന്നും യാത്രക്കാർ ആവശ്യപ്പെടുന്നു.