Banner Ads

ആയിരങ്ങളെത്തും: രായിരനെല്ലൂർ മലകയറ്റത്തിന് വിപുലമായ ഒരുക്കങ്ങൾ.

പാലക്കാട്: പ്രശസ്തമായ രായിരനെല്ലൂർ മലകയറ്റത്തിന് ഒരുക്കം പുരോഗമിക്കുന്നു. 18നു ശനിയാഴ്ചയാണ് പതിനായിരകണക്കിന് ആളുകൾ എത്തുന്ന രായിരനെല്ലൂർ മലകയറ്റം നടക്കുന്നത്. ഇതിൻ്റെ ഭാഗമായി മലമുകളിലെ ദേവീ ക്ഷേത്രത്തിൽ ലക്ഷാർച്ചന ആരംഭിച്ചു. ഒരുക്കങ്ങൾ വിലയിരുത്താൻ മുഹമ്മദ് മുഹ്സിൻ എംഎൽഎയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു.

ഈ മാസം 18നാണ് പ്രശസ്തമായ രായിരനെല്ലൂർ മലകയറ്റം നടക്കുന്നത്. മലകയറ്റത്തിന് മുന്നോടിയായി മലമുകളിലെ ദേവീ ക്ഷേത്രത്തിൽ മുന്ന് ദിവസത്തെ ലക്ഷാർച്ചനക്കും തുടക്കമായി. പാലക്കാട് ജില്ലയിൽ പട്ടാമ്പിക്ക് അടുത്ത് നടുവട്ടത്ത് സ്ഥിതിചെയ്യുന്ന രായിരനെല്ലൂർ മലയിൽ വെച്ച് നാറാണത്ത് ഭ്രാന്തന് ദുർ ഗാദേവി ദർശനം ലഭിചെന്ന വിശ്വാസത്തിലാണ് എല്ലാ വർഷവും തുലാം ഒന്നിനു മലകയറ്റം നടക്കുന്നത്.

കൊപ്പം- വളാഞ്ചേരി റൂട്ടിൽ നടുവട്ടം, ഒന്നാന്തിപ്പടി എന്നിവിടങ്ങളിൽ നിന്ന് മല കയറാം. അഞ്ഞൂറടി ചെങ്കുത്തായ മലയിലേക്കുള്ള കയറ്റം ഭക്തിയും സാഹസികതയും നിറഞ്ഞതാണ്. പുലർച്ചെ മുതൽ ഉച്ചവരെ പതിനായിരങ്ങൾ മല കയറി ദുർഗ ക്ഷേത്രദർശനം നടത്തും. മലമുകളിലെ 18 അടി ഉയരമുള്ള നാറാണത്ത് ഭ്രാന്തൻ ശിൽപം വലം വെച്ചും വണങ്ങിയുമാണ് മലയിറക്കം.

മലയിറങ്ങി ഒന്നര കിലോ മീറ്റർ പടിഞ്ഞാറുള്ള ഭ്രാന്താചലം ക്ഷേത്രവും ഭക്തർ സന്ദർശിക്കും. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സുഖമമായി മലകയറ്റം നടത്തുന്നതിനും ആവശ്യമായ നടപടികൾ ആരംഭിച്ചു. ഒരുക്കങ്ങൾ വിലയിരുത്തുന്നതിനും കാര്യക്ഷമമാക്കുന്നതിനും മുഹമ്മദ് മുഹ്സിൻ എംഎൽഎയുടെ അധ്യക്ഷതയിൽ ഉദ്യോഗസ്ഥല യോഗം ചേർന്നു. മലകയറ്റത്തിനെത്തുന്നവർക്കാവശ്യമായ ചികിത്സ സൗകര്യങ്ങൾ മലമുകളിലും, മധ്യഭാഗത്തും, അടിവാരങ്ങളിലും ഒരുക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

പോലീസ്, ആരോഗ്യവകുപ്പ്, ഫയർഫോഴ്സ് എന്നിവരുടെ സേവനം ഉറപ്പാക്കാൻ നിർദ്ദേശം നൽകി. മാലിന്യമുക്ത പ്രവർത്തനങ്ങൾ നടപ്പിലാക്കാനും മറ്റു അനുബന്ധ പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നതിനും താഹസിൽദാറുടെ നേതൃത്വത്തിൽ മോണിറ്ററിംഗ് ചെയ്യും. ഗ്രാമ പഞ്ചായത്ത്‌ പ്രതിനിധികൾ, തഹസീൽദാർ, പഞ്ചായത്ത്‌ സെക്രട്ടറിമാർ, പോലീസ്, ഫയർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, ട്രസ്റ്റ്‌ ഭാരവാഹികൾ, നാട്ടുകാർ സാമൂഹിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.