Banner Ads

MTV യുടെ സംഗീത ചാനലുകൾക്ക് താഴിടുന്നു; വിടവാങ്ങുന്നത് 80-കളിലെയും 90-കളിലെയും ഓർമ്മകൾ

തിരുവനന്തപുരം : പോപ്പ് മ്യൂസിക്കിന്റെയും മെലഡികളുടെയും ഒരു കാലഘട്ടത്തിന് നിറം നൽകിയ എംടിവി യുടെ മ്യൂസിക് ചാനലുകൾ നിർത്തലാക്കുന്നു. 80-കളിലെയും 90-കളിലെയും പ്രേക്ഷകർക്ക് ഒരു വസന്തം സമ്മാനിച്ച സംഗീത ചാനലുകൾ 40 വർഷത്തെ പ്രക്ഷേപണത്തിന് ശേഷമാണ് വിടവാങ്ങുന്നത്.

എംടിവി 80s, എംടിവി മ്യൂസിക്, ക്ലബ് എംടിവി, എംടിവി 90s, എംടിവി ലൈവ് എന്നിവ ഉൾപ്പെടെ സംഗീതത്തിന് പ്രാധാന്യം നൽകുന്ന ചാനലുകളാണ് നിർത്തലാക്കുന്നത്. ഡിസംബർ 31 മുതൽ ഈ ചാനലുകൾ ലഭ്യമല്ലാതാകുമെന്ന് പാരാമൗണ്ട് ഗ്ലോബൽ അറിയിച്ചു. റിയാലിറ്റി ഷോകൾ പ്രക്ഷേപണം ചെയ്യുന്ന MTV HD എന്ന ചാനലിന്റെ സംപ്രേഷണം തുടരും.

കാഴ്ചക്കാരുടെ എണ്ണത്തിൽ വന്ന വലിയ മാറ്റങ്ങളാണ് ഈ തീരുമാനത്തിന് പിന്നിൽ. ടിക് ടോക്ക്, യൂട്യൂബ്, സ്‌പോട്ടിഫൈ തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ സംഗീത ലോകം കീഴടക്കിയതോടെ മ്യൂസിക് വീഡിയോകൾ കാണാൻ എംടിവി ചാനലുകളെ ആശ്രയിക്കുന്നവരുടെ എണ്ണം കുറഞ്ഞു. ഏതാനും മാസങ്ങൾക്കു മുമ്പ് പാരാമൗണ്ട് ഗ്ലോബൽ, സ്കൈഡാൻസ് മീഡിയയുമായി ലയിച്ചതിനെത്തുടർന്നാണ് ഈ തീരുമാനം.

ഇത് ആഗോളതലത്തിൽ 500 മില്യൺ ഡോളറിന്റെ ചെലവ് ചുരുക്കൽ പദ്ധതികൾക്ക് തുടക്കമിട്ടതായും റിപ്പോർട്ടുണ്ട്. ഡിജിറ്റൽ യുഗത്തിന് മുമ്പ് 24 മണിക്കൂറും പാട്ടുകൾ ആസ്വദിക്കാൻ ആശ്രയിച്ചിരുന്ന എംടിവി നിർത്തലാക്കുന്നു എന്ന വാർത്ത ഒരു തലമുറയിലെ സംഗീത പ്രേമികളെ നിരാശരാക്കിയിട്ടുണ്ട്.