
ഇടുക്കി: മൂന്നാറിൽ അതീവ ഗുരുതര കേസിലെ മാവോയിസ്റ്റ് പിടിയിൽ. ഝാർഖണ്ഡിൽ മൂന്ന് പോലീസുകാരെ കൊലപ്പെടുത്തിയ പ്രതി അതിഥി തൊഴിലാളിയായി ഒളിവിൽ കഴിഞ്ഞത്. ഝാർഖണ്ഡ് സ്വദേശിയായ സഹൻ മുടി ദിനബു ആണ് മൂന്നാർ പോലീസിന്റെ സഹായത്തോടെ എൻ.ഐ.എ. (നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി) ഉദ്യോഗസ്ഥരുടെ വലയിലായത്.
ഝാർഖണ്ഡിൽ ബോംബ് സ്ഫോടനത്തിലൂടെ മൂന്ന് പോലീസുകാരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ദിനബു.എൻ.ഐ.എ.യുടെ കൊച്ചി, റാഞ്ചി യൂണിറ്റുകളിലെ ഉദ്യോഗസ്ഥർ ചേർന്നാണ് ഇയാളെ പിടികൂടിയത്. ഝാർഖണ്ഡിൽ നിന്ന് രക്ഷപ്പെട്ട ശേഷം, മൂന്നാർ ഗൂഡാർവിള എസ്റ്റേറ്റിൽ അതിഥി തൊഴിലാളിയായി ഭാര്യയോടൊപ്പം ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ.കഴിഞ്ഞ ഒന്നര വർഷമായി ഇയാൾ ഇവിടെ ജോലി ചെയ്തുവരികയായിരുന്നു.മാവോയിസ്റ്റ് സാന്നിധ്യം സംബന്ധിച്ച വിശദമായ അന്വേഷണം എൻ.ഐ.എ. ആരംഭിച്ചു.