
കോട്ടയം: മീനടത്ത് പോർച്ചിൽ നിന്ന് ഉരുണ്ടുപോയ കാർ കയറി ഗൃഹനാഥ മരിച്ചു മകന് പരുക്ക്.കോട്ടയം മീനടം നാരകത്തോട് സ്വദേശിനി കുറ്റിക്കൽ അന്നമ്മ തോമസ് (53) ആണ് അപകടത്തിൽ മരിച്ചത്. അന്നമ്മയുടെ ഇളയമകൻ ഷിജിൻ കെ. തോമസിന് (25) പരുക്കേറ്റു. ഇന്നലെ വൈകിട്ട് 6.30-നാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.
പുറത്തേക്ക് പോകുന്നതിനായി ഷിജിൻ കാർ സ്റ്റാർട്ട് ചെയ്ത് നിർത്തിയ ശേഷം ഗേറ്റ് തുറക്കാൻ പുറത്തിറങ്ങുകയായിരുന്നു. ഈ സമയം അന്നമ്മയും ഗേറ്റിനടുത്തേക്ക് പോയി. കാറിന്റെ ഹാൻഡ് ബ്രേക്ക് ഇട്ടിരുന്നില്ല എന്നാണ് പ്രാഥമിക സൂചന. ഇതോടെ, കുത്തനെയുള്ള ഇറക്കത്തിലേക്ക് കാർ അതിവേഗം പിന്നോട്ട് ഉരുണ്ടു.
വേഗത്തിൽ വന്ന കാറിനടിയിൽ അന്നമ്മയും മകൻ ഷിജിനും പെട്ടുപോവുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ ചേർന്ന് കാർ ഉയർത്തിയാണ് ഇരുവരെയും പുറത്തെടുത്തത്. അപകടത്തിൽ വീടിന് മുന്നിലെ ഗേറ്റും തകർന്നു.മരിച്ച അന്നമ്മ, എൽഐസി ഏജന്റായി പ്രവർത്തിച്ചുവരികയായിരുന്നു. ഭർത്താവ്: തോമസ് കോര. മൂത്തമകൻ: സുബിൻ.