
ഇടുക്കി : മുല്ലപ്പെരിയാർ അണക്കെട്ടിൽ ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് പോലീസ് വ്യാപക പരിശോധന നടത്തി. തൃശ്ശൂർ കോടതിയിലേക്കാണ് ഇ-മെയിൽ വഴിയുള്ള ഭീഷണി സന്ദേശം ലഭിച്ചത്. കോടതി അധികൃതർ ഉടൻ തന്നെ ഇടുക്കി ജില്ലാ കളക്ടറെ വിവരം അറിയിച്ചു.
ഇടുക്കിയിലെ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പോലീസും സംയുക്തമായാണ് അണക്കെട്ടിലും പരിസരങ്ങളിലും പരിശോധന നടത്തിയത്. പ്രധാന ഡാം, ബേബി ഡാം ഷട്ടറുകൾ, തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്ന ഷട്ടർ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. ഏറെ നേരത്തെ തിരച്ചിലിന് ശേഷവും സംശയാസ്പദമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.