
കണ്ണൂർ : കണ്ണൂർ കുപ്പോളിൽ വീടിന് സമീപം വലയിൽ കുടുങ്ങിയ വലിയ ചേരയെ പെരിങ്ങോം അഗ്നിരക്ഷാ സേന എത്തി രക്ഷപ്പെടുത്തി. ഇന്ന് രാവിലെയാണ് സംഭവം. വലയിൽ കുടുങ്ങി കിടന്ന പാമ്പിന്റെ ദയനീയവസ്ഥ കണ്ട നാട്ടുകാർ രക്ഷാപ്രവർത്തനത്തിനായി പല വഴികൾ തേടിയെങ്കിലും വിജയിച്ചില്ല.
അവസാനം പെരിങ്ങോം കേന്ദ്രീയ വിദ്യാലയം ഏഴാം ക്ലാസ് വിദ്യാർഥിയായ റിഹാൻ ആണ് ഫയർ ഫോഴ്സിനെ വിളിക്കാം എന്ന ആശയം പങ്കുവെച്ചത്. ഉടൻതന്നെ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. വിവരം ലഭിച്ച ഉടൻ പെരിങ്ങോം ഫയർഫോഴ്സ് സ്ഥലത്തെത്തി. അഗ്നിരക്ഷാസേനയോടൊപ്പം റിഹാനും ചേർന്നാണ് വലയിൽ കുടുങ്ങിയ പാമ്പിനെ രക്ഷിച്ചത്.