
തിരുവനന്തപുരം : യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ.) അഞ്ച് വയസ് മുതൽ പതിനേഴ് വയസ് വരെയുള്ള കുട്ടികളുടെ നിർബന്ധിത ബയോമെട്രിക് പുതുക്കൽ സൗജന്യമാക്കി. നേരത്തെ അഞ്ച് മുതല്‍ ഏഴ് വരെയും 15 മുതല്‍ 17 വയസുവരെയുള്ളവർക്കുമുള്ള നിർബന്ധിത പുതുക്കല്‍ മാത്രമാണ് സൗജന്യമായി ലഭിച്ചിരുന്നത്.
എന്നാല്‍ പുതിയ നിർദ്ദേശമനുസരിച്ച് ഏഴ് വയസു മുതല്‍ 15 വയസുവരെയുള്ള കുട്ടികള്‍ക്കും ഒരു നിശ്ചിത കാലാവധിവരെ ഈ സൗജന്യ പുതുക്കല്‍ സൗകര്യം ലഭിക്കും.0−5 വയസ്സിൽ ബയോമെട്രിക്സ് ശേഖരിക്കാത്തതിനാൽ കുട്ടികൾക്ക് 5 വയസ്സിലും 15 വയസ്സിലും ബയോമെട്രിക്സ് (വിരലടയാളം, കൃഷ്ണമണി രേഖ) നിർബന്ധമായും പുതുക്കണം. നവജാത ശിശുക്കൾക്ക് ജനന സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ആധാറിന് എൻറോൾ ചെയ്യാം.
പുതുക്കൽ നടത്താത്ത ആധാർ കാർഡുകൾ അസാധുവാകാൻ സാധ്യതയുള്ളതിനാൽ സ്കോളർഷിപ്പ്, റേഷൻ കാർഡ്, സ്കൂൾ അഡ്മിഷൻ, നീറ്റ്, ജെ.ഇ.ഇ. തുടങ്ങിയ മത്സര പരീക്ഷകൾക്ക് രജിസ്ട്രേഷൻ ചെയ്യുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ എല്ലാ കുട്ടികളും ഈ സൗജന്യ അവസരം ഉപയോഗിക്കണമെന്ന് കേരള സംസ്ഥാന ഐ.ടി. മിഷൻ ഡയറക്ടർ അറിയിച്ചു.