
തൃശൂർ : തൃശൂർ കൊരട്ടിയിൽ ദേശീയപാത നിര്‍മ്മാണത്തിനായെടുത്ത കുഴിയിൽ കെഎസ്ആര്‍ടിസി ബസ് വീണു. അപകടത്തിൽ ആർക്കും പരിക്കില്ല. തൃശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. ശനി പുലര്‍ച്ചെ 1.30ഓടെയായിരുന്നു സംഭവം.
നിർമ്മാണ മേഖലയിൽ മതിയായ വെളിച്ചമോ, ദിശാ ബോർഡുകളോ, അപകട സൂചകങ്ങളോ ഇല്ലാതിരുന്നതും കനത്ത മഴയുമാണ് അപകട കാരണം. ബസ് നിയന്ത്രിത വേഗതയിലായിരുന്നതുകൊണ്ട് വലിയ ദുരന്തം ഒഴിവായി. കുഴിയുടെ തൊട്ടടുത്ത് മാത്രമാണ് റിഫ്ലക്ടർ സ്ഥാപിച്ചിരുന്നത്.
പത്തു മീറ്റർ അകലെയെങ്കിലും റിഫ്ലക്ടർ വെച്ചിരുന്നെങ്കിൽ അപകടം ഒഴിവാക്കാമായിരുന്നു. തൊട്ടടുത്തെത്തിയപ്പോഴാണ് ഡ്രൈവർ റിഫ്ലക്ടർ കണ്ടത്. എന്തെങ്കിലും ചെയ്യും മുമ്പേ ബസ് കുഴിയിലേക്ക് വീഴുകയും ചെയ്തു. മുന്നറിയിപ്പ് ബോർഡുകളോ വെളിച്ചമോ ഇല്ലാത്തതിനാൽ ഈ ഭാഗത്ത് അപകടങ്ങൾ പതിവാണ്.