
പാലക്കാട്: കോൺഗ്രസ് പ്രതിഷേധ മാർച്ചിനിടെ കടന്നുവന്ന ബസ് അടിച്ചു തകർത്ത് പ്രവര്‍ത്തകര്‍. വണ്ടാഴി ഗ്രാമപ്പഞ്ചായത്ത് ഓഫീസിലേക്കുള്ള പ്രതിഷേധ പ്രകടനത്തിനിടെ കടന്നുവന്ന ബസ് പ്രവർത്തകന്റെ കയ്യിൽ തട്ടി എന്ന് ആരോപിച്ചാണ് ബസ് തകർത്തത്. ഡ്രൈവർക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ് സംഭവം.
വണ്ടാഴി ഗ്രാമപ്പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം നടത്തുകയായിരുന്നു കോൺഗ്രസ്. നെന്മാറ ഭാഗത്ത് നിന്ന് വരികയായിരുന്ന സുമംഗലി എന്ന സ്വകാര്യ ബസ് കടന്നുപോകുന്നതിനിടെ കോൺഗ്രസ് ആലത്തൂർ ബ്ലോക്ക് സെക്രട്ടറി പ്രവീണിൻ്റെ (34) കൈയിൽ തട്ടുകയായിരുന്നു.
ഇതേ തുടർന്നാണ് പ്രതിഷേധക്കാർ ബസ്സിന്റെ ചില്ല് അടിച്ചുതകർത്തത്. പ്രകോപനത്തിനിടെ
ബസ് ഡ്രൈവർ ചിറ്റിലഞ്ചേരി സ്വദേശി വിജയന് (45) മർദനമേറ്റു. പരിക്കേറ്റ കോൺഗ്രസ് പ്രവർത്തകനെയും ബസ് ഡ്രൈവറെയും ആലത്തൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടക്കഞ്ചേരി പോലീസ് സ്ഥലത്തെത്തി.