
ഇന്ന് ലോക തപാൽ ദിനം. ആഗോള ആശയവിനിമയ ശൃംഖലയുടെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി എല്ലാ വർഷവും ഒക്ടോബർ 9 ലോക തപാൽ ദിനമായി ആഘോഷിക്കുന്നു. രാജ്യാന്തര തലത്തിൽ തപാൽ മേഖലയുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന യൂണിവേഴ്‌സൽ പോസ്റ്റൽ യൂണിയൻ (UPU) സ്ഥാപിതമായതിൻ്റെ വാർഷികമാണ് ഈ ദിനാചരണത്തിന് അടിസ്ഥാനം.
1874 ഒക്ടോബർ 9-നാണ് യൂണിവേഴ്‌സൽ പോസ്റ്റൽ യൂണിയൻ സ്വിറ്റ്സർലൻഡിലെ ബേൺ ആസ്ഥാനമായി നിലവിൽ വന്നത്. ലോകമെമ്പാടുമുള്ള തപാൽ സേവനങ്ങൾക്ക് ഒരു പൊതുവായ നിയമവ്യവസ്ഥ കൊണ്ടുവരാൻ ഇത് സഹായിച്ചു. 1969-ൽ ജപ്പാനിലെ ടോക്കിയോയിൽ നടന്ന യൂണിവേഴ്‌സൽ പോസ്റ്റൽ യൂണിയൻ കോൺഗ്രസിലാണ് ഒക്ടോബർ 9 ലോക തപാൽ ദിനമായി പ്രഖ്യാപിക്കാൻ തീരുമാനിച്ചത്.
അന്നുമുതൽ ലോകമെമ്പാടുമുള്ള 150-ൽ അധികം രാജ്യങ്ങൾ ഈ ദിനം ആഘോഷിക്കുന്നു. ജനങ്ങളുടെ ദൈനംദിന ജീവിതത്തിലും രാജ്യങ്ങളുടെ സാമൂഹിക-സാമ്പത്തിക വികസനത്തിലും തപാൽ മേഖല വഹിക്കുന്ന സുപ്രധാന പങ്ക് ഈ ദിനം ഓർമ്മിപ്പിക്കുന്നു.