Banner Ads

കൂട്ടുപുഴ പാലത്തിൽ ഒറ്റയാൻ; ബംഗളൂരു-തലശ്ശേരി പാതയിൽ ആശങ്ക

തലശ്ശേരി : കേരള-കർണാടക അതിർത്തിയിലെ കൂട്ടുപുഴ പാലത്തിൽ ഒറ്റയാനെ കണ്ടെത്തി. ബുധനാഴ്ച പകൽ 11.30 ഓടെയാണ് കൊമ്പനാന ബംഗളൂരു – തലശ്ശേരി അന്തർ സംസ്ഥാന പാതയിൽ കേരളത്തിലേക്കുള്ള കവാടമായ കൂട്ടുപുഴ പാലത്തിലെത്തിയത്. പാലത്തിലൂടെ തലങ്ങും വിലങ്ങും നടന്ന കൊമ്പനെ വനം വകുപ്പ് അധികൃതർ എത്തി വനത്തിലേക്ക് തുരത്തി.

കർണാടകയിലെ കുടക് ജില്ലയിലെ മാക്കൂട്ടം ബ്രഹ്മഗിരി വന്യജീവി സംരക്ഷണ കേന്ദ്രത്തോട് ചേർന്നാണ് കേരളത്തിലെ കൂട്ടുപുഴ, പാലത്തിൻ കടവ്, കച്ചേരിക്കടവ് ജനവാസ മേഖലകൾ സ്ഥിതി ചെയ്യുന്നത്. കൂട്ടുപുഴ, തൊട്ടിൽപ്പാലം, പേരട്ട തുടങ്ങിയ പ്രദേശങ്ങളും മാക്കൂട്ടത്തിന് സമീപമാണ്.

ഒറ്റയാന്റെ സാന്നിധ്യം ഈ പ്രദേശങ്ങളിലെ ജനങ്ങളിൽ കടുത്ത ആശങ്കയുണ്ടാക്കിയിട്ടുണ്ട്. വന്യജീവികളുടെ സാന്നിധ്യം പതിവായ ഈ മേഖലയിൽ അതീവ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് മുന്നറിയിപ്പ് നൽകി.