
കണ്ണൂർ : ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് മുകളിലേക്ക് വൈദ്യുതലൈൻ പൊട്ടിവീണ് കഴുത്തിൽ കുരുങ്ങിയ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. കാട്ടാമ്പള്ളി ബാലൻകിണർ സ്വദേശികളായ സജിത്ത് (54), സനൂപ് (40) എന്നിവരാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്. ഇന്നലെ രാവിലെ 9.45 ഓടെ പുതിയതെരു- കാട്ടാമ്പള്ളി റോഡില്‍ ബസ് സ്റ്റോപ്പിനടുത്തായിരുന്നു സംഭവം.
കാട്ടാമ്പള്ളി ഭാഗത്തുനിന്നും പുതിയതെരുവിലേക്ക് വരികയായിരുന്ന ഇവരുടെ സ്കൂട്ടറിലേക്ക് ലൈൻ പൊട്ടിവീണ് കഴുത്തിൽ കുരുങ്ങുകയായിരുന്നു. നിയന്ത്രണം വിട്ട് സ്കൂട്ടറിൽ നിന്ന് ഇരുവരും റോഡിലേക്ക് വീണു. ഉടൻ തന്നെ നാട്ടുകാർ ഇവരെ ആശുപത്രിയിൽ എത്തിച്ചു. സജിത്തിന്റെ കണ്ണിനാണ് പരിക്ക്. വൈദ്യുതലൈൻ വീണ ഉടൻ തന്നെ വൈദ്യുതി വിച്ഛേദിക്കപ്പെട്ടത് വലിയൊരു ദുരന്തം ഒഴിവായി.