
തിരുവനന്തപുരം:സംസ്ഥാനത്തെ കുട്ടികളുടെ ചുമ മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് പഠിക്കാൻ നിയോഗിച്ച മൂന്നംഗ വിദഗ്ധ സമിതി അടിയന്തര റിപ്പോർട്ട് ആരോഗ്യ വകുപ്പിന് കൈമാറി. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുട്ടികളുടെ ചുമ മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് സംസ്ഥാനം പ്രത്യേകം മാർഗരേഖ പുറത്തിറക്കും.
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തെ തുടർന്നാണ് ഈ സമിതി രൂപീകരിച്ചത്. സമിതിയുടെ റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെ, മന്ത്രി കർശന നിർദ്ദേശങ്ങൾ നൽകി ഡോക്ടറുടെ കുറിപ്പടി നിർബന്ധം 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് അംഗീകൃത ഡോക്ടറുടെ പുതിയ കുറിപ്പടിയില്ലാതെ ചുമ മരുന്നുകൾ നൽകരുത്.
പഴയ കുറിപ്പടി വേണ്ട പഴയ കുറിപ്പടി ഉപയോഗിച്ച് കുട്ടികൾക്കുള്ള മരുന്ന് ആവർത്തിച്ച് നൽകുന്നത് കർശനമായി വിലക്കി.ബോധവത്കരണം ശക്തമാക്കും: ഇത് സംബന്ധിച്ച് ഡ്രഗ്സ് കൺട്രോളർക്ക് നിർദേശം നൽകുകയും, പൊതുജനങ്ങൾക്കിടയിൽ ബോധവത്കരണം ശക്തമാക്കാനും തീരുമാനിച്ചു.ഒരു കുഞ്ഞിന് ഡോസ് നിശ്ചയിക്കുന്നത് അവരുടെ തൂക്കത്തിനനുസരിച്ചാണ്.
അതിനാൽ, ഒരു കുഞ്ഞിന് വേണ്ടി കുറിച്ച് നൽകിയ മരുന്ന് മറ്റൊരു കുഞ്ഞിന് നൽകുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. സംസ്ഥാന ഡ്രഗ്സ് കൺട്രോളർ, ചൈൽഡ് ഹെൽത്ത് നോഡൽ ഓഫീസർ, ഐഎപി സംസ്ഥാന പ്രസിഡന്റ് എന്നിവരാണ് വിദഗ്ധ സമിതിയിലെ അംഗങ്ങൾ.