
ഇടുക്കി: അണക്കരക്ക് സമീപം മേൽവാഴവീടെന്ന സ്ഥലത്താണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ഗാർഹിക പാചകവാതകം കരിഞ്ചന്തയിൽ വിൽക്കുന്ന സംഘമാണ്, പുതിയ കണക്ഷൻ നൽകാനെത്തിയ ഗ്യാസ് ഏജൻസി ജീവനക്കാരെ ക്രൂരമായി മർദിച്ചത്.
ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. വെള്ളാരംകുന്നിലുള്ള ഭാരത് ഗ്യാസ് ഏജൻസിയിലെ ജീവനക്കാരായ തങ്കമണി സ്വദേശി ജിസ്മോൻ സണ്ണിയെ വീടിൻ്റെ തൂണിൽ കെട്ടിയിട്ട് മർദിക്കുകയും, ഒപ്പമുണ്ടായിരുന്ന കുമളി പത്തുമുറി സ്വദേശി പ്രതീക്ഷയെ സ്ത്രീകളുൾപ്പെടെയുള്ള സംഘം അസഭ്യം പറയുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു.
അതിഥി തൊഴിലാളികൾക്ക് ഗ്യാസ് കണക്ഷൻ നൽകുന്നതിൻ്റെ മസ്റ്ററിംഗിനും വിതരണത്തിനുമായാണ് ഇരുവരും സ്ഥലത്തെത്തിയത്. എന്നാൽ, ഈ പ്രദേശത്ത് പാൽപ്പാണ്ടി, മകൻ അശോകൻ എന്നിവരുടെ നേതൃത്വത്തിൽ ഗാർഹിക ഗ്യാസ് സിലിണ്ടറുകൾ കരിഞ്ചന്തയിൽ വിറ്റുവരുന്നുണ്ടായിരുന്നു. ഇവർ ജീവനക്കാരെ ചോദ്യം ചെയ്തതോടെ വാക്കേറ്റമുണ്ടാവുകയും, പാൽപ്പാണ്ടിയും അശോകനും ചേർന്ന് പ്ലാസ്റ്റിക് കയർ ഉപയോഗിച്ച് ജിസ്മോനെ തൂണിൽ കെട്ടിയിട്ട് മർദിക്കുകയുമായിരുന്നു.