
കൊച്ചി: പുറംകടലിൽ ഇന്നലെ വൈകിട്ട് 5.30 ഓടെ മത്സ്യബന്ധന ബോട്ടിൽ എം.എസ്.സി. ചരക്കുകപ്പലിടിച്ച് അപകടം. ബോട്ടിലുണ്ടായിരുന്ന 40-ഓളം തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടതിനാൽ വൻ ദുരന്തം ഒഴിവായി. ആർക്കും പരിക്കേറ്റിട്ടില്ലെങ്കിലും ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം സംഭവിച്ചതായി തൊഴിലാളികൾ പരാതിപ്പെട്ടു.
ഫോർട്ട് കൊച്ചിയിൽ നിന്ന് തെക്ക് മാറി 53 നോർത്തിൽ മത്സ്യബന്ധനം നടത്തുകയായിരുന്ന ബോട്ടിലാണ് ചരക്കുകപ്പൽ ഇടിച്ചത്. കപ്പൽ വരുന്നത് കണ്ട് തൊഴിലാളികൾ ബഹളം വെച്ചിട്ടും കപ്പൽ ദിശ മാറ്റാതെ മുന്നോട്ട് വരികയായിരുന്നുവെന്ന് തൊഴിലാളികൾ പറഞ്ഞു. ഈ സമയം ബോട്ടിലെ എൻജിൻ ഓഫ് ചെയ്തിടുകയായിരുന്നു. തുടർന്ന്, കടലിലെ ശക്തമായ ഒഴുക്കിൽ ബോട്ട് തെക്കോട്ട് നീങ്ങുകയും കപ്പലിൽ ഇടിക്കുകയുമായിരുന്നു.
സംഭവത്തിൽ തൊഴിലാളികൾ കൊച്ചിൻ കോസ്റ്റൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. അപകടത്തിൽ വല പൂർണ്ണമായും പുറത്തെടുത്താൽ മാത്രമേ യഥാർത്ഥ നഷ്ടം എത്രയെന്ന് തിട്ടപ്പെടുത്താൻ സാധിക്കുകയുള്ളൂ എന്നും തൊഴിലാളികൾ വ്യക്തമാക്കി.