
തിരുവനന്തപുരം: തിരുവനന്തപുരം: പ്രതികൂല കാലാവസ്ഥയെത്തുടർന്ന് അടച്ചിട്ടിരുന്ന പൊൻമുടി ഇക്കോ ടൂറിസം കേന്ദ്രം ഇന്ന് (തിങ്കളാഴ്ച) മുതൽ വീണ്ടും തുറന്നു പ്രവർത്തിക്കും. കാലാവസ്ഥ മെച്ചപ്പെട്ട സാഹചര്യത്തിൽ വിനോദ സഞ്ചാരികളെ പ്രവേശിപ്പിക്കാൻ വനം വകുപ്പ് അനുമതി നൽകി.കഴിഞ്ഞ ദിവസങ്ങളിൽ തലസ്ഥാന ജില്ലയുടെ മലയോര മേഖലകളിൽ ശക്തമായ കാറ്റും മഴയും അനുഭവപ്പെട്ടിരുന്നു.
വെള്ളിയാഴ്ചയോടെയാണ് പൊൻമുടി ഉൾപ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടയ്ക്കാൻ അധികൃതർ തീരുമാനിച്ചത്.വ്യാഴാഴ്ച രാത്രി ആരംഭിച്ച കനത്ത മഴ തലസ്ഥാന ജില്ലയിൽ വ്യാപകമായ നാശനഷ്ടങ്ങളാണ് വരുത്തിയത്. കുന്നിൻ പ്രദേശങ്ങളിലും തീരങ്ങളിലും മഴ നാശം വിതച്ചു. നിരവധി സ്ഥലങ്ങളിൽ മരങ്ങൾ കടപുഴകി വീഴുകയും ശക്തമായ കാറ്റിൽ വീടുകൾ ഭാഗികമായി തകരുകയും ചെയ്തു.പേപ്പാറ, നെയ്യാർ, അരുവിക്കര അണക്കെട്ടുകളിലും വാമനപുരം നദിയിലും ജലനിരപ്പ് ഉയർന്നു.
മലയോര മേഖലകളിലെ ഉൾവനത്തിൽ കനത്ത മഴ പെയ്തതിനെ തുടർന്ന് മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതകൾ കണക്കിലെടുത്താണ് വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. കൂടാതെ കനത്ത മഴ കാരണം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി നൽകുകയും ചെയ്തിരുന്നു.കാലാവസ്ഥാ ഭീഷണി ഒഴിഞ്ഞതോടെ, പ്രകൃതിരമണീയമായ പൊൻമുടിയിലേക്ക് സന്ദർശകരെ സ്വീകരിക്കാൻ വനം വകുപ്പ് തയ്യാറായിക്കഴിഞ്ഞു.