Banner Ads

കരിപ്പൂരിൽ വൻ സ്വർണവേട്ട; 90 ലക്ഷം രൂപയുടെ സ്വർണമിശ്രിതവുമായി യാത്രക്കാരൻ പിടിയിൽ

കോഴിക്കോട് : കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്തുവെച്ച് 90 ലക്ഷം രൂപ വിലവരുന്ന സ്വർണ്ണമിശ്രിതവുമായി യാത്രക്കാരനെ പോലീസ് പിടികൂടി. മലപ്പുറം വണ്ടൂർ കൂരാട് സ്വദേശി ഫസലുറഹ്‌മാൻ (35) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 843 ഗ്രാം സ്വർണ്ണമിശ്രിതമാണ് പോലീസ് പിടിച്ചെടുത്തത്.

ബുധനാഴ്ച രാവിലെ ജിദ്ദയിൽ നിന്നെത്തിയ ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരനായിരുന്നു ഫസലുറഹ്‌മാൻ. കസ്റ്റംസ് പരിശോധനകൾ പൂർത്തിയാക്കി വിമാനത്താവളത്തിന് പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഇയാൾ പിടിയിലായത്. മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കാത്തുനിന്ന കരിപ്പൂർ പോലീസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

സോക്‌സിനകത്ത് കാൽപ്പാദങ്ങൾക്ക് അടിയിലായി ഒളിപ്പിച്ചാണ് സ്വർണ്ണമിശ്രിതം കടത്താൻ ശ്രമിച്ചത്. ചോദ്യം ചെയ്യലിൽ ആദ്യം കുറ്റം സമ്മതിക്കാൻ ഇയാൾ തയ്യാറായില്ല. എന്നാൽ ബാഗേജും ശരീരവും വിശദമായി പരിശോധിച്ചപ്പോഴാണ് രണ്ട് പാക്കറ്റുകളിലായി ഒളിപ്പിച്ച സ്വർണ്ണമിശ്രിതം കണ്ടെത്തിയത്.