
തൃശൂർ : മലക്കപ്പാറ വാൽപ്പാറയിൽ കരടിയാക്രമണം രൂക്ഷം. വ്യാഴാഴ്ച മാത്രം രണ്ടിടത്താണ് കരടിയെ കണ്ടത്. വാൽപ്പാറ താഴെ പറളി ഇൻഡസ്ട്രിയൽ റോഡിന് സമീപം തേയിലത്തോട്ടത്തിൽ ജോലി ചെയ്യുകയായിരുന്ന തൊഴിലാളികൾക്കുനേരെ കരടി പാഞ്ഞടുത്തു. കുട ഉപയോഗിച്ച് പ്രതിരോധിച്ച തൊഴിലാളി ഭാഗ്യംകൊണ്ടാണ് ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്.
ഇതിന് തൊട്ടടുത്തായി ഇ.എൽ. പാടിയിൽ ഡാനിയേലിന്റെ വീടിന് മുന്നിലും കരടിയെത്തി. വീട്ടുകാർ ബഹളം വെച്ചതിനെ തുടർന്ന് കരടി ഓടിമറഞ്ഞു. ഒരു മാസം മുമ്പാണ് വാല്‍പ്പാറയില്‍ ആറുവയസ്സുകാരനെ കരടി ആക്രമിച്ച് കൊലപ്പെടുത്തിയത്.തോട്ടം തൊഴിലാളികളടക്കമുള്ളവർ കരടി ആക്രമണ ഭീഷണിയിലാണ് കഴിയുന്നത്. കരടിയുടെ ആക്രമണത്തിന് കൂടുതലായും ഇരയാകുന്നത് തോട്ടം തൊഴിലാളികളാണ്.