
കാഞ്ഞങ്ങാട് : ഓട്ടോറിക്ഷ അപകടത്തിൽപ്പെട്ടതിന് പിന്നാലെ ആസിഡ് കുടിച്ച് ചികിത്സയിലായിരുന്ന ഡ്രൈവർ മരിച്ചു. പള്ളഞ്ചിയിലെ കെ. അനീഷ് (40) ആണ് മരിച്ചത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ചൊവ്വാഴ്ച വൈകുന്നേരം ബേത്തൂർപ്പാറ സ്കൂളിന് സമീപം അനീഷിന്റെ ഓട്ടോറിക്ഷയും കാറുമായി കൂട്ടിയിടിച്ചിരുന്നു.
അപകടത്തിൽ ഓട്ടോയിലുണ്ടായിരുന്ന മൂന്ന് വിദ്യാർഥികൾക്ക് പരിക്കേറ്റിരുന്നു. ഇവരുടെ പരിക്ക് ഗുരുതരമാണെന്ന് കരുതിയാണ് അനീഷ് ആസിഡ് കഴിച്ചതെന്നാണ് പോലീസ് കരുതുന്നത്.പള്ളഞ്ചിയിലേക്ക് പോവുകയായിരുന്ന അനീഷിന്റെ ഓട്ടോറിക്ഷയുടെ പിന്നിൽ നിയന്ത്രണം വിട്ട കാർ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ബേത്തൂർപ്പാറ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥികൾ ചികിത്സയിലാണ്.