
ഇടുക്കി: ഭൂട്ടാൻ വഴി കോടികളുടെ നികുതി വെട്ടിച്ചുള്ള വാഹനക്കടത്ത് കണ്ടെത്താനുള്ള ‘ഓപ്പറേഷൻ നുംഖോർ’ എന്ന കസ്റ്റംസ് നീക്കത്തിന്റെ ഭാഗമായി ഇടുക്കിയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ കാർ പിടിച്ചെടുത്തു. തിരുവനന്തപുരം സ്വദേശിനിയും ‘ചിപ്പു’ എന്നറിയപ്പെടുന്ന ശിൽപ്പ സുരേന്ദ്രന്റെ ലാൻഡ് ക്രൂയിസറാണ് കസ്റ്റഡിയിലെടുത്തത്.
മലപ്പുറം തിരൂർ സ്വദേശികളിൽ നിന്ന് വാങ്ങിയ ഈ കാർ മെക്കാനിക്ക് ജോലികൾക്കായാണ് അടിമാലിയിൽ എത്തിച്ചത്. ഈ സമയത്താണ് കസ്റ്റംസ് പരിശോധന നടന്നതും വാഹനം പിടിച്ചെടുത്തതും. രാജ്യത്താകമാനം ആയിരത്തിലധികം വാഹനങ്ങൾ കള്ളക്കടത്തിലൂടെ എത്തിച്ചതായി കസ്റ്റംസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിൽ 200-ഓളം വാഹനങ്ങൾ കേരളത്തിലുണ്ടെന്നാണ് അനുമാനം. ഇതുവരെ 36 കാറുകൾ മാത്രമാണ് കണ്ടെത്താനായത്.
അതേസമയം, ഭൂട്ടാൻ വഴി നികുതി വെട്ടിച്ച് ആഡംബര കാറുകൾ കേരളത്തിലെത്തിച്ച സംഭവത്തിൽ കസ്റ്റംസിന് പുറമെ മറ്റ് കേന്ദ്ര ഏജൻസികളും അന്വേഷണം തുടങ്ങി. അനധികൃതമായി സമ്പാദിച്ച പണം വെളുപ്പിക്കാൻ പ്രമുഖർ വാഹനങ്ങൾ വാങ്ങിക്കൂട്ടിയോ എന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷിക്കുന്നുണ്ട്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇഡി കസ്റ്റംസിൽ നിന്ന് ശേഖരിച്ചു തുടങ്ങി.
വാഹനക്കടത്തിലൂടെ കോടികളുടെ ജിഎസ്ടി വെട്ടിപ്പും നടന്നതായി കസ്റ്റംസ് കമ്മീഷണർ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഈ വിഷയത്തിൽ കേന്ദ്ര ജിഎസ്ടി വകുപ്പും അന്വേഷണം തുടങ്ങിയിട്ടുണ്ട്. വാഹന രജിസ്‌ട്രേഷനായി എംബസികളുടെ വ്യാജരേഖകൾ ചമച്ചതിൽ വിദേശകാര്യ മന്ത്രാലയത്തിനും കസ്റ്റംസ് വിവരങ്ങൾ കൈമാറാൻ ഒരുങ്ങുകയാണ്.