
മലപ്പുറം: കോഴിക്കോട് ജില്ലകളില്‍ നിന്നായി 11 വാഹനങ്ങള്‍ പിടിച്ചെടുത്തു. ഷോറൂമുകളും വീടുകളും കേന്ദ്രീകരിച്ചും പരിശോധന നടന്നു.വാഹന നികുതി വെട്ടിപ്പ് കണ്ടെത്തുന്നതിനുള്ള ഓപ്പറേഷന്‍ നുംകൂറിന്റെ ഭാഗമായി മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഏഴിടങ്ങളിലാണ് പരിശോധന നടന്നത്. വിവിധ യൂസ്ഡ് കാര്‍ ഷോറൂമുകളിലും വാഹന കച്ചവടം നടത്തുന്നവരുടെ വീടുകള്‍ കേന്ദ്രീകരിച്ചുമായിരുന്നു പരിശോധന.
നാല് ഷോറൂമുകളിലും മൂന്ന് വീടുകളിലും പരിശോധന നടന്നു. 11 വാഹനങ്ങളാണ് കസ്റ്റംസ് വിവിധയിടങ്ങളില്‍ നിന്നായി പിടിച്ചെടുത്തത്. ചില ഉന്നത ഉദ്യോഗസ്ഥരും അനധികൃതമായി വാഹനം വാങ്ങിയതായി കസ്റ്റംസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതില്‍ ഒരാള്‍ നാഷണല്‍ ടിബി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറും മറ്റൊരാള്‍ സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡ് മെമ്പര്‍ സെക്രട്ടറിയുമാണ്. ഈ വാഹനങ്ങള്‍ ബെംഗളൂരുവിലാണുള്ളത്. മലപ്പുറത്ത് വളാഞ്ചേരിക്കു സമീപം വെട്ടിച്ചിറയിലും പരിശോധന നടന്നിരുന്നു.
വെട്ടിച്ചിറയിലെ ഫ്‌ളൈ വീല്‍സ് എന്ന സ്ഥാപനത്തിലായിരുന്നു പരിശോധന. നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനില്‍ നിന്ന് ഇന്ത്യയിലേക്ക് വാഹനം എത്തിക്കുന്നവരെ കണ്ടുപിടിക്കാനുള്ള ഓപ്പറേഷന്‍ നുംകൂറിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായാണ് റെയ്ഡ് നടക്കുന്നത്. അനധികൃതമായി വാഹനങ്ങള്‍ ഇറക്കുമതി ചെയ്തതായി കസ്റ്റംസിന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി. എറണാകുളം, കോട്ടയം, മലപ്പുറം, കോഴിക്കോട്, തിരുവനന്തപുരം എന്നീ അഞ്ച് ജില്ലകളിലായി 30 കേന്ദ്രങ്ങളില്‍ പരിശോധന നടന്നു.