
തിരുവനന്തപുരം : സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിൽ മോഷണം നടത്തിവന്നിരുന്ന കുപ്രസിദ്ധ മോഷ്ടാക്കളായ പൂവരണി ജോയിയും അടൂർ തുളസീധരനും പിടിയിലായി. വെഞ്ഞാറമൂട് പാച്ചുവിളാകം ദേവീക്ഷേത്രം ഉൾപ്പെടെ മൂന്ന് ക്ഷേത്രങ്ങളിൽ അടുത്തിടെ നടന്ന കവർച്ചകളുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. നൂറിലേറെ ക്ഷേത്രങ്ങളിൽ മോഷണം നടത്തിയ ഇവർ കഴിഞ്ഞ മാസമാണ് ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്.
തിരുവനന്തപുരം കിളിമാനൂരിൽ വീട് വാടകയ്ക്കെടുത്ത് താമസിച്ചാണ് ഇരുവരും മോഷണം ആസൂത്രണം ചെയ്തിരുന്നത്. കേരളത്തിൽ 160-ൽ അധികം ക്ഷേത്രങ്ങളിൽ മോഷണം നടത്തിയ വ്യക്തിയാണ് പൂവരണി ജോയി. പാലക്കാട് വെച്ച് ഒരു മോഷണക്കേസിൽ ജയിലിൽ കഴിയുന്നതിനിടെയാണ് ഇയാൾക്ക് അടൂർ തുളസീധരനുമായി പരിചയപ്പെടുന്നത്.
ജയിൽ മോചിതരായ ശേഷം തൊടുപുഴ കോടതിയിൽ വെച്ച് കണ്ടുമുട്ടിയ ഇവർ വെഞ്ഞാറമൂടിലെ കവർച്ച ആസൂത്രണം ചെയ്യുകയായിരുന്നു. കളമച്ചൽ പാച്ചുവിളാകം ദേവീക്ഷേത്രത്തിലെ സ്വർണപ്പൊട്ട്, താലി, വളകൾ എന്നിവയാണ് ഇവർ മോഷ്ടിച്ചത്.