
തിരുവനന്തപുരം : ചരക്ക്-സേവന നികുതിയിലെ (ജിഎസ്ടി) വലിയ പരിഷ്കരണം നിലവിൽ വന്നു. 12%, 28% എന്നീ സ്ലാബുകൾ ഒഴിവാക്കി 5%, 18% എന്നിങ്ങനെ രണ്ട് സ്ലാബുകളാക്കി മാറ്റിയതോടെ 90% ഉത്പന്നങ്ങളുടെയും വില കുറയും. ആഡംബര ഉത്പന്നങ്ങൾ, പുകയില, സിഗരറ്റ്, ലോട്ടറി എന്നിവക്ക് 40% എന്ന ഉയർന്ന നിരക്ക് ബാധകമാക്കും.
ഇടത്തരം വാഹനങ്ങളുടെ ജിഎസ്ടി 18 ശതമാനം ആക്കിയതോടെയുള്ള വിലക്കുറവ് ഉപഭോക്താക്കളിലേക്ക് പൂർണമായി കൈമാറാൻ വാഹന നിർമാതാക്കൾ തയ്യാറായിട്ടുണ്ട്. തിങ്കളാഴ്ച മുതൽ വിലയിലുള്ള കുറവ് ഓരോ ഉത്പന്നത്തിലും പ്രദർശിപ്പിക്കും. ലൈഫ് ഇൻഷുറൻസ്, ആരോഗ്യ ഇൻഷുറൻസ്,
ജനറൽ ഇൻഷുറൻസ് പോളിസികൾ, 33 ജീവൻ സുരക്ഷ മരുന്നുകൾ എന്നിവയുടെയും ജിഎസ്ടി ഒഴിവാക്കിയിട്ടുണ്ട്. ഇന്ത്യൻ റെയിൽവേ പുറത്തിറക്കുന്ന റെയിൽ നീർ കുപ്പി വെള്ളത്തിന്റെ വിലയിൽ ഒരു രൂപയുടെ കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. 413 ഉത്പന്നങ്ങളുടെ വില കുറയും. 48,000 കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
വില കുറയും: 5% – ഫീഡിങ് ബോട്ടിൽ, കുട്ടികൾക്കുള്ള നാപ്കിൻ, ക്ലിനിക്കൽ ഡയപ്പർ, തുന്നൽ യന്ത്രം, 2500 രൂപയിൽ താഴെയുള്ള വസ്ത്രങ്ങൾ, ജൈവ കീടനാശിനികൾ. 0% – മാപ്പ്, ചാർട്ട്, ഗ്ലോബ്, പെൻസിൽ, ഷാർപ്പനർ, നോട്ട്ബുക്കുകൾ, ആരോഗ്യ ഇൻഷുറൻസ്, ലൈഫ് ഇൻഷുറൻസ്.
18% – എസി, എൽഇഡി, എൽസിഡി ടിവികൾ (32 ഇഞ്ചിന് മുകളിൽ), മോണിറ്റർ, ഡിഷ് വാഷർ, ഗ്രാനൈറ്റ്, സിമന്റ്, 1200 സിസി വരെയുള്ള പെട്രോൾ, സിഎൻജി കാറുകൾ, 1500 സിസി വരെയുള്ള ഡീസൽ കാറുകൾ, മുച്ചക്ര വാഹനങ്ങൾ, 350 സിസിക്ക് താഴെയുള്ള ഇരുചക്ര വാഹനങ്ങൾ.
പുകയില, പാൻമസാല, ആഡംബര വാഹനങ്ങൾ, 20 ലക്ഷം മുതൽ 40 ലക്ഷം രൂപ വരെ വിലയുള്ള നാലുചക്ര ഇലക്ട്രിക് വാഹനങ്ങൾ എന്നിവയ്ക്ക് 40% നികുതി വർധനയുണ്ടാകും.