Banner Ads

മലപ്പുറം മുട്ടിപ്പാലത്ത് കിണറ്റിൽ വീണ പോത്തുകുട്ടിയെ രക്ഷപ്പെടുത്തി ; അഗ്‌നിരക്ഷാ സേന

മലപ്പുറം: മലപ്പുറം പൊന്മള പുതിയങ്ങാടി മുട്ടിപ്പാലത്ത് ഫാം ഹൗസിലെ കിണറ്റിൽ വീണ പോത്തുകുട്ടിയെ മലപ്പുറം അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് പൂവല്ലൂർ ഹസന്റെ ഉടമസ്ഥതയിലുള്ള ഫാം ഹൗസിനടുത്ത് കെട്ടിയ പോത്ത് അബദ്ധത്തിൽ കിണറ്റിൽ വീണത്.

നാൽപ്പത് അടിയോളം താഴ്ചയുള്ള കിണറ്റിൽ മൂന്നാൾ പൊക്കത്തിൽ വെള്ളമുണ്ടായിരുന്നു. വിവരം അറിയിച്ചതിനെ തുടർന്ന് മലപ്പുറം അഗ്നിരക്ഷാ സേനാംഗങ്ങൾ സ്ഥലത്തെത്തി. ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ കെ. അഭിലാഷും, കെ.സി. മുഹമ്മദ് ഫാരിസും കിണറ്റിലിറങ്ങി പോത്തിനെ റെസ്‌ക്യൂ ബെൽറ്റ് ഉപയോഗിച്ച് മുകളിലേക്ക് വലിച്ചുകയറ്റുകയായിരുന്നു.

ഒരു വയസ്സുള്ള പോത്തിന് കാര്യമായ പരിക്കുകളില്ല. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ. മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്.