തിരുവനന്തപുരം: വയനാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായി 2026 ജനുവരിക്കുള്ളിൽ ഗുണഭോക്താക്കൾക്ക് വീടുകൾ കൈമാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. വയനാട് പുനരധിവാസം സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.പുനരധിവാസ പദ്ധതിയുടെ ആദ്യഘട്ടത്തിൽ 402 കുടുംബങ്ങളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ഈ പദ്ധതി ‘ഫേസ് വൺ’, ‘ഫേസ് ടു എ’, ‘ഫേസ് ടു ബി’ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായി നടപ്പാക്കും.15 ലക്ഷം രൂപയുടെ സർക്കാർ സഹായത്തിന് അപേക്ഷ നൽകിയ കുടുംബങ്ങൾക്ക് തുക വിതരണം ചെയ്തു.ദുരിതാശ്വാസ നിധിയിൽ ലഭിച്ച തുക വിനിയോഗിക്കുന്നതിൽ വീഴ്ച വരുത്തിയെന്ന ആരോപണം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
104 ഗുണഭോക്താക്കൾക്ക് ഇതിനോടകം 15 ലക്ഷം രൂപ ലഭിച്ചു.ബാക്കിയുള്ള 295 ഗുണഭോക്താക്കൾ വീടിന് സമ്മതപത്രം നൽകിയിട്ടുണ്ട്.വീടുകൾ കൈമാറുന്നതിനൊപ്പം കൃഷി നഷ്ടപ്പെട്ടവർക്ക് ഇനിയും സഹായങ്ങൾ നൽകാനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.