Banner Ads

ഹീറോയായി നാട്ടുകാരൻ; ബൈക്കിനെ ഇടിച്ചിട്ട് പോയ കാർ പിന്തുടർന്ന് പിടികൂടി

മലപ്പുറം: ചങ്ങരംകുളത്ത് ബൈക്ക് യാത്രികനെ ഇടിച്ചിട്ട് നിർത്താതെ പോയ കാർ നാട്ടുകാരൻ സാഹസികമായി പിന്തുടർന്ന് പിടികൂടി പോലീസിന് കൈമാറി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച രാത്രി 11.30-ഓടെ ചങ്ങരംകുളം സ്വകാര്യ ആശുപത്രിക്ക് സമീപമാണ് സംഭവം നടന്നത്. ചങ്ങരംകുളം ടൗണിൽ നിന്ന് തൃശൂർ റോഡിലേക്ക് അമിതവേഗതയിൽ വന്ന കാർ, തിയേറ്റർ ജീവനക്കാരനായ കക്കിടിപ്പുറം സ്വദേശി അശോകൻ (45) സഞ്ചരിച്ച ബൈക്കിലിടിച്ച് നിർത്താതെ പോവുകയായിരുന്നു.

ഇത് കണ്ടുനിന്ന ഒരു യുവാവ് ഉടൻ തന്നെ തന്റെ കാറിൽ അപകടമുണ്ടാക്കിയ കാറിനെ പിന്തുടർന്നു. അപകടസ്ഥലത്ത് നിന്ന് അര കിലോമീറ്റർ അകലെ വെച്ച് കാർ തടഞ്ഞിട്ടു. തുടർന്ന്, വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ചങ്ങരംകുളം പോലീസ് നാട്ടിക സ്വദേശിയായ കാർ ഡ്രൈവറെയും കാറും കസ്റ്റഡിയിലെടുത്തു. കാർ ഓടിച്ചിരുന്ന യുവാവ് മദ്യലഹരിയിലായിരുന്നെന്ന് നാട്ടുകാർ പറയുന്നു.