Banner Ads

അങ്കണവാടികളിൽ ഇനി ബിരിയാണി: മെനു പരിഷ്കരിച്ചപ്പോൾ കുട്ടികൾ ഹാപ്പി

കോഴിക്കോട്: സംസ്ഥാനത്തെ അങ്കണവാടികളിൽ ഇനി ബിരിയാണി ദിനവും. മെനു പരിഷ്കരിച്ചതിൻ്റെ ഭാഗമായി ചൊവ്വാഴ്ച എല്ലാ അങ്കണവാടികളിലും ബിരിയാണി വിളമ്പി. പുതിയ മെനുവിനെ കുട്ടികൾ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു.

കരുണയിലെ ആഗ്നവും തൃദേവും സമൃദ്ധിയും അഥർവുമെല്ലാം ബിരിയാണി കഴിക്കുന്ന തിരക്കിലായിരുന്നപ്പോൾ, അടുത്തിരുന്ന അരുഷിന് മാത്രം ചെറിയൊരു പിണക്കം. ‘എനിക്ക് ബിരിയാണി ഇഷ്ടമല്ല’ എന്ന് അരുഷ് പറഞ്ഞപ്പോഴും അധ്യാപിക സുജാതയും ഹെൽപ്പർ സ്വപ്നയുമെല്ലാം സ്നേഹത്തോടെ കുഞ്ഞുങ്ങളെ ഭക്ഷണം കഴിപ്പിക്കുകയായിരുന്നു.

ഈ മാറ്റത്തിന് പിന്നിൽ ഒരു മൂന്നുവയസ്സുകാരനാണ്. അങ്കണവാടികളിൽ ബിരിയാണി വേണമെന്ന് ആവശ്യപ്പെട്ട് ഈ കുഞ്ഞ് പങ്കുവെച്ച വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയിരുന്നു. ഇതിനുപിന്നാലെയാണ് സർക്കാർ അങ്കണവാടി മെനുവിൽ ബിരിയാണി ഉൾപ്പെടുത്താൻ തീരുമാനിച്ചത്.

ബിരിയാണിക്ക് പുറമെ, റാഗി ലഡു, ഗോതമ്പ് പായസം, നൂൽപ്പുട്ട്, ഇഡ്ഡലി, കൊഴുക്കട്ട, ഉപ്പുമാവ് എന്നിവയും പുതിയ മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കടലക്കറിയും സാമ്പാറും മുട്ടക്കറിയും പോലെയുള്ള വിഭവങ്ങളും ഇനി കുട്ടികൾക്ക് ലഭിക്കും. ഭക്ഷണത്തിൽ കലോറി, പ്രോട്ടീൻ, ഷുഗർ എന്നിവയുടെയെല്ലാം അളവ് കൃത്യമായി കണക്കാക്കിയാണ് ഓരോ വിഭവവും തയ്യാറാക്കുന്നത്.

അങ്കണവാടി ജീവനക്കാർക്ക് ഭക്ഷണമുണ്ടാക്കുന്നതിനെക്കുറിച്ച് വെള്ളായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെൻ്റിൽ പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്.