
തൃശൂർ: ഹോട്ടലിൽ ഊണിന്റെ വില വർധനയുമായി ബന്ധപ്പെട്ട് ഭരണ-പ്രതിപക്ഷ തർക്കം. കുന്നംകുളം നഗരസഭയിലെ സുഭിക്ഷ ഹോട്ടലിലാണ് വില കൂട്ടിയത്. ഊൺ വില 20 രൂപയിൽ നിന്ന് 30 രൂപയാക്കാനുള്ള സർക്കാർ നിർദേശം കൗൺസിൽ യോഗം തള്ളിയിരുന്നു.
എന്നാൽ യോഗത്തിന്റെ മിനിറ്റ്സിൽ ഈ തീരുമാനം അംഗീകരിച്ചതായി രേഖപ്പെടുത്തിയതാണ് തർക്കത്തിന് കാരണം.ഓഗസ്റ്റ് എട്ടിന് ചേർന്ന നഗരസഭ കൗൺസിൽ യോഗത്തിൽ ഊൺ വില കൂട്ടേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നു. വില വർധനവ് മൂലം ഹോട്ടലിനുണ്ടാകുന്ന നഷ്ടം നഗരസഭയുടെ സ്വന്തം ഫണ്ടിൽ നിന്ന് നൽകാനാണ് യോഗം തീരുമാനിച്ചത്.
വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എം. സുരേഷ് മുന്നോട്ടുവെച്ച ഈ നിർദേശം പ്രതിപക്ഷ കൗൺസിലർ ലെബീബ് ഹസൻ പിന്തുണച്ചിരുന്നു.എന്നാൽ, യോഗ മിനിറ്റ്സിൽ വില വർധനവ് അംഗീകരിച്ചതായി രേഖപ്പെടുത്തിയെന്ന് പ്രതിപക്ഷം ആരോപിച്ചു.
കൗൺസിൽ തീരുമാനത്തിന് വിരുദ്ധമായി മിനിറ്റ്സ് രേഖപ്പെടുത്തിയത് ജനാധിപത്യവിരുദ്ധമാണെന്ന് ലെബീബ് ഹസൻ കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ഭാവിയിൽ വില വർധനവ് നടപ്പാക്കാനുമാണ് ഈ നീക്കമെന്നും അദ്ദേഹം ആരോപിച്ചു.