
ഐസ്വാൾ:പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബർ 13-ന് മിസോറാം, മണിപ്പൂർ സംസ്ഥാനങ്ങൾ സന്ദർശിച്ചേക്കുമെന്ന് പിടിഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ആദ്യം മിസോറാം സന്ദർശിക്കുന്ന പ്രധാനമന്ത്രി പുതിയ ബൈറാബി-സൈറാങ് റെയിൽവേ ലൈൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് മിസോറാമിലെ ഐസ്വാളിൽ നിന്ന് മണിപ്പൂരിലേക്ക് പോകുമെന്നാണ് സൂചന.
2023 മെയ് മാസത്തിൽ വംശീയ അതിക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിലേക്ക് പ്രധാനമന്ത്രി നടത്തുന്ന ആദ്യ സന്ദർശനമാണിത്. എന്നാൽ, സന്ദർശനത്തെക്കുറിച്ചുള്ള അന്തിമ ഷെഡ്യൂൾ ഇതുവരെ ലഭ്യമായിട്ടില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഇംഫാലിലെ ഉദ്യോഗസ്ഥർക്കും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാനായിട്ടില്ല.
അതേസമയം, പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി മിസോറാം ചീഫ് സെക്രട്ടറി ഖില്ലി റാം മീണ വിവിധ വകുപ്പുകളിലെയും നിയമപാലകരെയും ഉൾപ്പെടുത്തി ഒരു യോഗം വിളിച്ചു. സുരക്ഷാ ക്രമീകരണങ്ങൾ, ട്രാഫിക് മാനേജ്മെന്റ്, സ്വീകരണ പരിപാടികൾ, തെരുവുകൾ അലങ്കരിക്കൽ തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.